
ന്യൂഡൽഹി: ധനമന്ത്രി നിർമലാ സീതാരാമൻ ഞായറാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച അഞ്ച് മികച്ച പദ്ധതികൾ നേടിയെടുക്കാൻ സംസ്ഥാനങ്ങൾ തമ്മിൽ മത്സരിക്കേണ്ടിവരും. ‘വെല്ലുവിളി മാർഗ’ത്തിലൂടെയാണ് (ചാലഞ്ച് മോഡ്, ചാലഞ്ച് റൂട്ട് എന്നിങ്ങനെയാണ് ബജറ്റിലെ പരാമർശങ്ങൾ) ഇവ നേടിയെടുക്കേണ്ടതെന്ന് ബജറ്റിൽ പറയുന്നു. അതായത്, ഈ പദ്ധതികൾ നടപ്പാക്കാനുള്ള ഭൂമി ഉൾപ്പെടെയുള്ള സൗകര്യങ്ങളുൾപ്പെടെ മികച്ച പ്രോജക്ടുമായി കേന്ദ്രത്തെ സമീപിക്കുന്ന സംസ്ഥാനങ്ങൾക്ക് നേട്ടംകൊയ്യാം. വെല്ലുവിളിയേറ്റെടുത്താൽ കേരളത്തിനും മികച്ച പദ്ധതികൾ നേടിയെടുക്കാം. പദ്ധതി കാര്യക്ഷമമായി നടപ്പാക്കുകയാണ് ലക്ഷ്യം.
അടിസ്ഥാന സൗകര്യവികസനത്തിന് 5,000 കോടി ലഭിക്കുന്ന നഗര സാമ്പത്തിക മേഖലാ പദ്ധതി, അഞ്ച് സർവകലാശാലാ ടൗൺഷിപ്പുകൾ, മൂന്ന് കെമിക്കൽ പാർക്കുകൾ, മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എന്നിവയാണ് വെല്ലുവിളി മാർഗത്തിലൂടെ മത്സരിച്ച് നേടിയെടുക്കാവുന്ന പദ്ധതികൾ. ഇതിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എന്ന സ്ഥാപനം കിഴക്കൻ സംസ്ഥാനങ്ങൾക്കു വേണ്ടിയാണെന്ന് ബജറ്റിൽ പ്രത്യേകം പറയുന്നുണ്ട്. മറ്റ് നാല് പദ്ധതികൾക്ക് വേണ്ടിയും കേരളത്തിന് മത്സരിക്കാം.
പ്രധാന വ്യവസായ ഇടനാഴികളോട് ചേർന്ന് അഞ്ച് സർവകലാശാലാ ടൗൺഷിപ്പുകൾ അനുവദിക്കുന്ന പദ്ധതിയെക്കുറിച്ച് ബജറ്റിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ വിശദീകരിക്കവേ, എങ്ങനെയാണ് മത്സരിക്കേണ്ടതെന്ന സൂചന ധനമന്ത്രി നൽകിയിരുന്നു.
‘ഭൂമി നൽകാൻ തയ്യാറാവുന്ന സംസ്ഥാനങ്ങൾ’ എന്നത് ഒരു മാനദണ്ഡമായി മന്ത്രി പറയുകയും ചെയ്തു. ഒന്നിലേറെ സർവകലാശാലകളും കോളേജുകളും ഗവേഷണ സ്ഥാപനങ്ങളും പാർപ്പിട സമുച്ചയങ്ങളുമടങ്ങുന്ന പദ്ധതിക്ക് സ്ഥലം കണ്ടെത്തുന്നതുൾപ്പെടെ നടപടികളുമായി വേഗത്തിൽ മുന്നേറുന്നവർക്ക് മേൽക്കൈ ലഭിക്കാം.

