
കോഴിക്കോട്: 25-കാരിയുടെ വയറ്റിൽ നിന്നും 23 കിലോ ഭാരമുള്ള അണ്ഡാശയ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ വെച്ചായിരുന്നു സംസ്ഥാന ആരോഗ്യമേഖലയുടെ ചരിത്രത്തിലെ തന്നെ അത്യപൂർവ്വമായ ശസ്ത്രക്രിയ നടന്നത്. അഞ്ച് മാസത്തെ ഗർഭാവസ്ഥയേക്കാൾ കൂടുതൽ വയർ വീർത്ത നിലയിലായിരുന്നു യുവതി ആശുപത്രിയിലെത്തിയത്.ണ്ട് മണിക്കൂർ നീണ്ട അതിസങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് മുഴ പുറത്തെടുത്തത്. ഇതിന് 45 സെന്റീമീറ്റർ നീളവും അത്രതന്നെ വീതിയുമുണ്ടായിരുന്നു. മാതൃ-ശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. അരുൺ പ്രീതിന്റെ നിർദ്ദേശപ്രകാരം ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോ. മോളി സാം, ഡോ. സിദ്ദീഖ് സി.എം., അനസ്തേഷ്യ വിഭാഗം പ്രൊഫസർ ഡോ. തസ്നിം മുഹമ്മദ് എൻ. എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഡോക്ടർമാരെയും ജീവനക്കാരെയും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്ന യുവതിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും അവർ സുഖം പ്രാപിച്ചു വരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.

