
തൃശൂർ: മയിലാട്ടുംപാറയിൽ ആടിനെ മേയ്ക്കാൻ കാട്ടിലേക്ക് പോയ യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തോട്ടുങ്കര പുത്തൻപുരയിൽ ഷാജി-സാലി ദമ്പതികളുടെ മകൻ ഷിജോ (36) ആണ് മരിച്ചത്. പീച്ചി വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാരനാണ് ഷിജോ.
ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെയാണ് ആടുകളുമായി ഷിജോ മയിലാട്ടുംപാറ കാട്ടിലെ ആനക്കുഴി മേഖലയിലേക്ക് പോയത്. നേരം ഇരുട്ടിയിട്ടും ഷിജോ തിരികെ എത്താതിരുന്നതിനെ തുടർന്ന് നാട്ടുകാർ കാടിനുള്ളിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ ചവിട്ടേറ്റ് ഷിജോയുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തിയാണ് മൃതദേഹം കാടിന് പുറത്തെത്തിച്ചത്.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ പ്രദേശവാസികൾ വനംവകുപ്പിന്റെ വാഹനം തടഞ്ഞത് നേരിയ സംഘർഷത്തിന് കാരണമായി. മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണെന്നും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.

