
കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ദളിത് ശാന്തിക്കാരനായ പി.ആർ. വിഷ്ണു, ജാതി അധിക്ഷേപങ്ങളെയും തുടർച്ചയായ ഭീഷണികളെയും തുടർന്ന് ജോലി രാജിവെച്ചു. ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയായ അദ്ദേഹം പറവൂർ ഗ്രൂപ്പിലെ വാതുറക്കാവ് ദേവീ ക്ഷേത്രത്തിലെ പൂജാരിയായി ജോലി ചെയ്തുവരുകയായിരുന്നു.
രണ്ട് വർഷം മുമ്പ് തത്തപ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ പകരക്കാരനായി ജോലി ചെയ്യവേ നേരിട്ട ജാതി അധിക്ഷേപത്തിൽ വിഷ്ണു പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പരാതി പിൻവലിക്കാൻ വലിയ തോതിലുള്ള സമ്മർദ്ദവും പരിഹാസവും ഭീഷണിയും ഉണ്ടായതായി അദ്ദേഹം വെളിപ്പെടുത്തി. യൂണിയൻ അംഗത്വത്തിന് നൽകിയ തുക പോലും തിരികെ നൽകി അദ്ദേഹത്തെ മാറ്റിനിർത്തുന്ന സാഹചര്യം വരെയുണ്ടായി.
ഏറ്റവും ഒടുവിൽ, നിലവിൽ ജോലി ചെയ്തിരുന്ന ക്ഷേത്രത്തിലെ സ്വർണാഭരണങ്ങൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയ സംഭവത്തിൽ പരാതിക്കാരനായ വിഷ്ണുവിന് വീണ്ടും ഭീഷണി നേരിടേണ്ടി വന്നു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി ജോലിയിൽ പ്രവേശിച്ച് നാല് മാസം തികയും മുൻപാണ്, കടുത്ത മനോവിഷമത്തെത്തുടർന്ന് അദ്ദേഹം പടിയിറങ്ങാൻ തീരുമാനിച്ചത്.

