
നെടുമങ്ങാട്: നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയ്ക്കിടെ നവജാതശിശു മരിച്ച സംഭവത്തിൽ ആരോപണവിധേയയായ ഡോക്ടർക്കെതിരെ ആരോഗ്യവകുപ്പിന്റെ നടപടി. ഗൈനക്കോളജി വിഭാഗം ഡോക്ടർ ബിന്ദു സുന്ദറിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. വിതുര ആനപ്പാറ സ്വദേശികളായ ബിനിൽ മനോഹർ – നിരഞ്ജന കൃഷ്ണൻ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്.
ഡോക്ടർ ബിന്ദുവിനെതിരെ മുൻപും നിരവധി പരാതികൾ ഉയർന്നിട്ടുള്ള പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ നടപടി. ആരോഗ്യ മന്ത്രിയുടെ നിർദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് ആശുപത്രിയിലെത്തി അന്വേഷണം നടത്തും.
ശസ്ത്രക്രിയ വൈകിയതാണ് കുഞ്ഞ് മരിക്കാൻ കാരണമെന്നും, സംഭവത്തിന് ശേഷം കൃത്യമായ വിശദീകരണം പോലും നൽകാതെ ഡോക്ടർ ആശുപത്രിയിൽ നിന്ന് പോയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കാതെ കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് കുടുംബം.

