
തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. യുവതി പ്രവേശന വിഷയത്തില്‍ സുപ്രിംകോടതിയില്‍ മുന്‍ നിലപാട് തിരുത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഒരിക്കല്‍ സി പി ഐ എമ്മിന് കൈപൊള്ളിയ വിഷയമായിരുന്നതിനാല്‍ ഏറെ ശ്രദ്ധയോടെ വേണം ശബരിമല വിഷയം കൈകാര്യം ചെയ്യാനെന്ന നിലപാടിലാണ് സി പി ഐ എം നേതൃത്വം. അടുത്ത മാസം 15 ന് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നാണ് സുപ്രിംകോടതി അറിയിച്ചിരിക്കുന്നത്. നിലപാടില്‍ വെള്ളം ചേര്‍ക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്.
വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാരെന്നാണ് സി പി ഐ എം നേതാക്കള്‍ പറയുന്നത്. പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളും സര്‍ക്കാരിന് നടപ്പാക്കാന്‍ കഴിയില്ലെന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണവും ശബരിമലയില്‍ സര്‍ക്കാര്‍ നിലപാട് മാറ്റുമെന്നതിന്റെ സൂചനയാണ്. തക്കസമയത്ത് തക്കനിലപാട് എന്നാണ് മന്ത്രി പി രാജീവും പറയുന്നത്. ഒരു തീരുമാനവും മാറ്റാന്‍ പറ്റാത്തതായില്ലെന്നും മന്ത്രി രാജീവ് വ്യക്തമാക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ എന്നും വിശ്വാസികള്‍ക്ക് ഒപ്പമെന്നാണ് ദേവസ്വം മന്ത്രി വി എന്‍ വാസവന് പറഞ്ഞത്.
എന്നാല്‍ സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടു മാറ്റാനുള്ള നീക്കത്തിനെതിരെ വിവിധ സംഘടനകളും രംഗത്തെത്തയിട്ടുണ്ട്. നിലപാട് മാറ്റം ഉണ്ടാവില്ലെന്നാണ് കെ പി എം എസ് നേതാവ് പുന്നല ശ്രീകുമാര്‍ പറയുന്നത്. ശബരിമല യുവതി പ്രവേശന വിവാദം കത്തി നിന്ന സമയത്ത് സര്‍ക്കാരിന് അനുകൂലമായ നിലപാടുകളായിരുന്നു പുന്നല സ്വീകരിച്ചിരുന്നത്. സര്‍ക്കാര്‍ നവോത്ഥാന സമിതി രൂപീകരിച്ചപ്പോള്‍ പുന്നല അതിന്റെ മുന്നണിയില്‍ എത്തിയതും ഈ നിലപാടുമൂലമായിരുന്നു.
സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ ചര്‍ച്ചകള്‍ വീണ്ടും ശബരിമലയായതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവതി പ്രവേശനം പ്രധാന ആയുധമാവും. ഭരണഘടന അനുശ്വാസിക്കുന്നത് പ്രകാരം സ്ത്രീകള്‍ക്ക് തുല്യനീതിയാണെന്നും, ആര്‍ത്തവത്തിന്റെ പേരില്‍ ഒരു ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് തീരുമാനിക്കാന്‍ കഴിയില്ലെന്നായിരുന്നു 2018 ലെ സുപ്രിംകോടതി വിധി. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു അമ്മിണിയേയും കനകദുര്‍ഗയേയും പൊലീസിന്റെ സഹായത്തോടെ ശബരിമലയില്‍ എത്തിച്ചത്. ഇത് വിശ്വാസി സമൂഹവും സര്‍ക്കാരും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കും ശബരിമലയില്‍ കനത്ത പ്രതിഷേധസമരങ്ങള്‍ക്കും വഴിവെക്കുകയായിരുന്നു.

