
സംസ്ഥാനത്ത് ചികിത്സാ പിഴവുകള്‍ ആവര്‍ത്തിക്കുന്നതിനിടെ ആരോഗ്യ രംഗം ശുദ്ധീകരിക്കാന്‍ ലക്ഷ്യമിട്ട വിജിലന്‍സ് സെല്‍ എവിടെ എന്ന ചോദ്യമുയരുന്നു. 2018ല്‍ പ്രഖ്യാപിച്ച വിജിലന്‍സ് സെല്‍ ഇപ്പോഴും ഫയലില്‍ ഉറങ്ങുകയാണ്. ആരോഗ്യമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എന്‍ ഹരികുമാറിന്റെ മേശപ്പുറത്താണ് ഫയല്‍ ഇപ്പോഴെന്ന് ഫയല്‍ നീക്കം തെളിയിക്കുന്നു.
അഴിമതി,ആരോഗ്യ – മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകളിലെ പരാതികള്‍ അന്വേഷിക്കുന്നതിന് വകുപ്പിന് കീഴില്‍ പോലീസിന്റെ വിജിലന്‍സില്‍ വേണമെന്ന് ശുപാര്‍ശ ചെയ്യുന്നത് 2017 ല്‍ , സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദനായിരുന്നു. 2018 സെപ്റ്റംബര്‍ 14 ന് ആരോഗ്യവകുപ്പില്‍ വിജിലന്‍സ് സെല്‍ രൂപീകരിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. നിയമവകുപ്പിന്റെയും ധനകാര്യവകുപ്പിന്റെയും അനുമതികള്‍ പിന്നാലെ ലഭിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനും ആരോഗ്യ വകുപ്പിനും ഒരുപോലെ പ്രയോജനം ചെയ്യുന്ന രീതിയില്‍ വിജിലന്‍സ് വകുപ്പിലെ സൂപ്രണ്ട് തലവനായി ആരോഗ്യവകുപ്പില്‍ വിജിലന്‍സ് സെല്‍ രൂപീകരിക്കാം എന്ന് ആരോഗ്യവകുപ്പ് തീരുമാനിച്ചത് 2023 ജൂണ്‍ 26നാണ്. ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിന്റെ മിനിറ്റ്സ് 24 ലഭിച്ചു.
വിജിലന്‍സ് സെല്ലിന്റെ പ്രവര്‍ത്തനരീതി,അധികാരങ്ങള്‍ എന്നിവ വ്യക്തമാക്കി ഡിഎംഇ ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് നല്കി. 2024 ജൂണ്‍ 4 ന് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന് ഖോബ്രഗഡെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് റിപ്പോര്‍ട്ട് നല്കി. അന്ന് മുതല്‍ വിജിലന്‍സ് ഫയല്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എന്ഹരികുമാറിന്റെ മേശപ്പുറത്തെന്ന് ഫയല്‍ നീക്കം തെളിയിക്കുന്നു. വിജിലന്‍സ് സെന്‍ രൂപീകരിക്കേണ്ട ഫയലില്‍ നടപടി സ്വീകരിച്ചുവെന്നും ഫയല്‍ പോയെന്നുമാണ് എന്‍ ഹരികുമാറിന്റെ വിശദീകരണം. ഉത്തരവിനുള്ള നടപടി സ്വീകരിക്കാന്‍ ഡിഎംഇയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉത്തരവായിട്ടില്ലെന്നും ഉടന്‍ നടപ്പിലാക്കുമെന്നും എന്‍ ഹരികുമാര്‍ വിശദീകരിച്ചു. ഫയല്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഓഫീസില്‍ എത്തി ഒന്നര വര്‍ഷം പിന്നിട്ടിട്ടും വിജിലന്‍സ് സെല്‍ യാഥാര്ത്ഥ്യമായിട്ടില്ലെന്നത് വസ്തുത.

