
പിതാവിന്റെ ആരോഗ്യം വഷളായതിനെത്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് ഐസിസി പുരുഷ ടി20 ലോകകപ്പ് ക്യാമ്പിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. നാലാം ഘട്ട ലിവർ ക്യാൻസർ ബാധിച്ച പിതാവ് വെന്റിലേറ്ററിൽ ആയതോടെയാണ് റിങ്കു നാട്ടിലേക്ക് മടങ്ങിയത്. പിതാവിന്റെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ഈ പ്രതിസന്ധി ഘട്ടത്തിൽ കുടുംബത്തോടൊപ്പം ഇരിക്കാനായി താരം ടീം വിടുകയായിരുന്നു.
നാട്ടിലേക്ക് മടങ്ങിയ താരം ടീമിലേക്ക് തിരികെ വരുമോ എന്ന കാര്യത്തിൽ ബിസിസിഐ വൃത്തങ്ങളിൽ നിന്ന് ഇതുവരെ വ്യക്തമായ അറിയിപ്പുകൾ ലഭിച്ചിട്ടില്ല. സമ്മർദ്ദ ഘട്ടങ്ങളിൽ അനായാസമായി ബാറ്റ് വീശുന്ന റിങ്കുവിന്റെ അഭാവം ടൂർണമെന്റിന്റെ അടുത്ത ഘട്ടങ്ങളിൽ ഇന്ത്യയുടെ ടീം കോമ്പിനേഷനെ ബാധിച്ചേക്കാമെന്ന ആശങ്ക ഇതോടെ ശക്തമായിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോൽവിക്ക് ശേഷം സിംബാബ്വെക്കെതിരായ നിർണ്ണായക മത്സരത്തിന് നീലപ്പട തയ്യാറെടുക്കുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത മടക്കം. ബിസിസിഐയും ടീം മാനേജ്മെന്റും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
ലോകകപ്പ് സൂപ്പർ എട്ടിൽ ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യക്ക് മുന്നിൽ ഇനി നിർണായകമായ രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. സിംബാബ്വേയും വെസ്റ്റ് ഇൻഡീസും എതിരാളികളാകുന്ന ഈ പോരാട്ടങ്ങൾ ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്താനാകൂ. വ്യാഴാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യ – സിംബാബ്വേ മത്സരം നടക്കുന്നത്. ഞായറാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് ഇന്ത്യ–വെസ്റ്റ് ഇൻഡീസ് പോരാട്ടം.

