
ഭിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യത്തിലേക്ക് സുപ്രധാനമായ ഒരു ചുവടുവെപ്പുകൂടി. സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യത്തെ മാതൃകാ പുനരധിവാസ ഗ്രാമത്തിന് നാളെ മലപ്പുറം ജില്ലയിലെ തിരൂരിൽ തറക്കല്ലിടുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബൃഹദ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഭിന്നശേഷി പുനരധിവാസ മേഖലയിൽ സർക്കാർ പ്രത്യേക പരിഗണന നൽകുന്ന മലപ്പുറം ജില്ലയിൽ അഞ്ചേക്കർ ഭൂമിയിലാണ് ഈ ഗ്രാമം ഉയരുന്നത്. കുട്ടികൾക്ക് മാത്രമായല്ല, മറിച്ച് അവരുടെ കുടുംബാംഗങ്ങൾക്കും ഒരുമിച്ച് താമസിക്കാൻ ഉതകുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന എന്ന് മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തിലുള്ള മൂന്ന് പുനരധിവാസ ഗ്രാമങ്ങൾ നിർമ്മിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് ആദ്യത്തേത് തിരൂരിൽ ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ കാട്ടാക്കടയിലും കൊല്ലത്തെ പുനലൂരിലുമാണ് മറ്റ് രണ്ട് ഗ്രാമങ്ങൾ വരുന്നത്.
ഏകദേശം 50 കോടി രൂപയോളം ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിൽ അതിനൂതനമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. ആധുനിക തെറാപ്പി സെന്ററുകൾ, കൗൺസിലിംഗ് സൗകര്യം, സ്പെഷ്യൽ സ്കൂൾ, കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ കളിസ്ഥലങ്ങൾ എന്നിവ ഇതിന്റെ ഭാഗമായിരിക്കും. കൂടാതെ, കുട്ടികൾക്ക് സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനായി തൊഴിൽ പരിശീലനവും പുനരധിവാസത്തിനുള്ള മാർഗ്ഗങ്ങളും ഇവിടെയുണ്ടാകും.
മാതാപിതാക്കളുടെ മാനസികാരോഗ്യവും ശാക്തീകരണവും ലക്ഷ്യമിട്ടുള്ള പ്രത്യേക പരിപാടികളും ഗ്രാമത്തിന്റെ ഭാഗമായി നടപ്പിലാക്കും. സംസ്ഥാനത്തെ ഭിന്നശേഷി മേഖലയിലെ ചരിത്രപരമായ ഒരു നാഴികക്കല്ലായി ഈ മാതൃകാ പുനരധിവാസ ഗ്രാമം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

