
പ്രശസ്തമായ ആറ്റുകാൽ പൊങ്കാല ഉത്സവത്തിനായി തിരുവനന്തപുരം ഒരുങ്ങുന്നതിനോടനുബന്ധിച്ച്, മാർച്ച് 3 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ. ഭക്തരുടെ സൗകര്യാർത്ഥം കിഴക്കേകോട്ടയിൽ നിന്നും ഐരാണിമുട്ടം ഹോമിയോ ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ക്ഷേത്രത്തിലേക്ക് കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.
അവിട്ടം തിരുനാൾ ഗ്രന്ഥശാല ഭാഗത്തുനിന്ന് ക്ഷേത്രവളപ്പിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പാടശ്ശേരി വഴി തിരികെ പോകേണ്ടതാണെന്നും ഗതാഗതക്കുരുക്ക് രൂക്ഷമായാൽ ഈ ഭാഗത്തുനിന്നുള്ള വാഹന പ്രവേശനം നിയന്ത്രിക്കുമെന്നും പോലീസ് വ്യക്തമാക്കി. പാടശ്ശേരിയിലോ ആറ്റുകാൽ വായനശാലയിലോ മേടമുക്കിലോ ഭക്തരെ ഇറക്കിയ ശേഷം വാഹനങ്ങൾ ചിറമുക്ക്, ചിറപ്പാലം വഴി പോയി ഐരാണിമുട്ടം ഹോമിയോ കോളേജ് ഗ്രൗണ്ടിലോ റിസർച്ച് സെൻ്റർ ഗ്രൗണ്ടിലോ പാർക്ക് ചെയ്യേണ്ടതാണ്.
ബണ്ട് റോഡ് ജങ്ഷൻ – പാടശ്ശേരി – ചിറപ്പാലം – ഐരാണിമുട്ടം റോഡ്, മണക്കാട് – കുര്യാത്തി – മേടമുക്ക് – ചിറമുക്ക് – ഐരാണിമുട്ടം റോഡ്, മണക്കാട് – കൊഞ്ചിറവിള റോഡ്, മണക്കാട് – വലിയപള്ളി റോഡ്, മണക്കാട് പോസ്റ്റ് ഓഫീസ് – മഹാറാണി റോഡ് തുടങ്ങി പ്രധാന പാതകളിലും ക്ഷേത്രത്തിന് സമീപമുള്ള എല്ലാ ഉൾറോഡുകളിലും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യുകയും ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.

