
കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണിക്കൃഷ്ണൻ (89) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മികച്ച വാഗ്മിയും പത്രപ്രവർത്തകനും നയതന്ത്രജ്ഞനുമായിരുന്ന അദ്ദേഹം ആറു തവണ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയിട്ടുണ്ട്.
1971 മുതൽ 1991 വരെ തുടർച്ചയായി ആറു തവണയാണ് കെ.പി. ഉണ്ണിക്കൃഷ്ണൻ വടകരയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 1989-90 കാലഘട്ടത്തിൽ വി.പി. സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത-വാർത്താവിനിമയ വകുപ്പ് മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ഐക്യരാഷ്ട്രസഭയുൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ പ്രതിനിധിയായി തിളങ്ങിയ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.
കൊയിലാണ്ടിയിലെ അഭിഭാഷകനായിരുന്ന കുഞ്ഞിക്കണ്ണൻ നായരുടെ മകനായി ജനിച്ച അദ്ദേഹം മദ്രാസ് പ്രസിഡൻസി കോളേജ്, ലോ കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് ‘ബ്ലിറ്റ്സ്’, ശങ്കേഴ്സ് വീക്കിലി, ടൈംസ് ഓഫ് ഇന്ത്യ, മാതൃഭൂമി തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ പത്രപ്രവർത്തകനായി ജോലി ചെയ്തിരുന്നു.

