
കേരളത്തിലെ പാലങ്ങൾ എങ്ങനെ ഇത്ര മനോഹരമാകുന്നു എന്ന ചോദ്യത്തിന് മറുപടിയുമായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കൈരളി ന്യൂസിന്റെ ‘പബ്ലിക് ഓഡിറ്റ്’ ഷോയിൽ സംസാരിക്കവെയാണ് സംസ്ഥാനത്തെ നിർമ്മാണ മേഖലയിൽ നടപ്പിലാക്കിയ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.
ചേർത്തലയിലെ പെരുമ്പളം ദ്വീപിലേക്ക് ചരിത്രത്തിലാദ്യമായി ഒരു കെഎസ്ആർടിസി ബസ് കടന്നുപോകുന്ന ട്രയൽ റണ്ണിന്റെ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു മന്ത്രിയുടെ മറുപടി. കേവലം സിമന്റും കമ്പിയും ഉപയോഗിച്ചുള്ള നിർമ്മാണം എന്നതിലുപരി, ഓരോ പദ്ധതിക്കും കൃത്യമായ ആർക്കിടെക്ചറൽ ഭംഗി ഉറപ്പാക്കാൻ പ്രത്യേക ടീമിനെ സജ്ജമാക്കിയതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു പൊതുമരാമത്ത് വകുപ്പ് ഔദ്യോഗികമായി ഒരു ‘ഡിസൈൻ പോളിസി’ നടപ്പിലാക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ സംയുക്തമായി ചേർന്ന് പിഡബ്ല്യുഡി നിർമ്മാണങ്ങളെ കൂടുതൽ ആകർഷകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നയം രൂപീകരിച്ചത്.
ഇതിനായി രാജ്യത്തെ പ്രഗൽഭരായ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ട് ദിവസം നീണ്ടുനിന്ന വിപുലമായ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. വിവിധ സെഷനുകളിലായി നടന്ന ചർച്ചകളിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങൾ വെച്ച് ഒരു കരട് രേഖ തയ്യാറാക്കുകയും, അത് പിന്നീട് മന്ത്രിസഭ ചർച്ച ചെയ്ത് അംഗീകരിക്കുകയുമായിരുന്നു. ഡിസൈൻ വിങ്ങിന്റെ കൃത്യമായ ഇടപെടലുകൾ നിർമ്മാണ പ്രവർത്തനങ്ങളെ കൂടുതൽ ‘കളർഫുൾ’ ആക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെരുമ്പളം ദ്വീപ് നിവാസികളുടെ കാലങ്ങളായുള്ള സ്വപ്നമായ പാലം പൂർത്തിയായപ്പോൾ അത് വെറുമൊരു ഗതാഗത മാർഗ്ഗമെന്നതിലുപരി ആ നാട്ടിലെ ടൂറിസം സാധ്യതകൾ കൂടി കണക്കിലെടുത്താണ് വിഭാവനം ചെയ്തത്. ആർക്കിടെക്ചർ ടീമും വകുപ്പിന്റെ ഡിസൈൻ വിങ്ങും ഒരുപോലെ കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണ് പാലത്തിന്റെ ഈ മനോഹാരിതയെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനം കഴിയുന്ന ഓരോ പാലങ്ങൾക്കും നിർമ്മാണത്തിലെ ഈ പ്രത്യേകതകളും ആസൂത്രവും കാരണം വൻ തോതിലുള്ള സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. പല പാലങ്ങളുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

