
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടാണ് തങ്ങളുടെ പിന്തുണ അറിയിച്ചത്. പെന്തക്കോസ്ത് സഭാ വിഭാഗത്തെ ഔദ്യോഗികമായി ക്രൈസ്തവ സഭാ വിഭാഗമായി പരിഗണിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നും സഭ മുന്നോട്ടുവെച്ച ആവശ്യങ്ങൾ ഇടതു സർക്കാർ അനുഭാവപൂർവ്വം പരിഗണിച്ചതായും സഭാ നേതൃത്വം വ്യക്തമാക്കി.
തങ്ങളെ സഹായിക്കുന്ന മുന്നണിയെ പിന്തുണയ്ക്കുക എന്ന നിലപാടാണ് സഭ സ്വീകരിച്ചിട്ടുള്ളതെന്നും സർക്കാർ എടുത്ത അനുകൂലമായ നിലപാടിലുള്ള നന്ദി ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ബാബു പറയത്തുകാട്ടിൽ വ്യക്തമാക്കി.
കേരളത്തിലുടനീളമായി 25 ലക്ഷത്തിലധികം വോട്ടുകൾ പെന്തക്കോസ്ത് വിഭാഗത്തിനുണ്ട്. പല മണ്ഡലങ്ങളിലും മുപ്പതിനായിരത്തിലധികം വോട്ടുകൾ നിർണ്ണായകമാണ്. സർക്കാരിന്റെ കരുതലിനുള്ള നന്ദി പ്രകടനമായിരിക്കും ഈ തിരഞ്ഞെടുപ്പിലെ തങ്ങളുടെ വോട്ടുകളെന്ന് സഭാ ഭാരവാഹികൾ കൂട്ടിചേർത്തു

