
കണ്ണൂര്‍: എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ കടുത്ത നിലപാടുമായി കെ സുധാകരൻ. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ വിളിച്ച് ‘ഗുഡ് ബൈ’ പറഞ്ഞ സുധാകരൻ, കോൺഗ്രസ് വിടുമെന്ന വിവരമാണ് പുറത്തുവരുന്നത്. പുതിയ പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. ഇതിന് ബിജെപിയുടെ പിന്തുണയുമുണ്ടാകും. സുധാകരനൊപ്പം മറ്റു 15 സീറ്റുകളിലും സ്ഥാനാർത്ഥികൾ മത്സരിച്ചേക്കും. 12 മണിക്ക് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കും.
ബിജെപി നേതാക്കളും സുധാകരനെ സമീപിച്ചിട്ടുണ്ട്. ബിജെപി നേതാക്കളുമായി കെ സുധാകരനുമായി അടുത്ത ബന്ധം പുലർത്തുന്നവർ സംസാരിച്ചു. എൻഡിഎ മുന്നണിയിലേക്കുള്ള പ്രവേശനം ഉറപ്പിക്കാനാണ് കെ സുധാകരന്റെ നീക്കം. നിലവിലെ കണ്ണൂരിലെ എൻഡിഎ സ്ഥാനാർത്ഥിയോട് മത്സരത്തിൽ നിന്നും പിന്മാറാനുള്ള സന്നദ്ധത ബിജെപി നേതാക്കൾ തേടിയിട്ടുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു എംപിമാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു.

