
പലസ്തീനിന് നേരെ ഇസ്രയേൽ നടത്തുന്ന അതിക്രമത്തിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഇസ്രയേൽ അധിനിവേശ സേന നടത്തിയ വെടിവെപ്പിൽ ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു. പ്രകോപനങ്ങളൊന്നുമില്ലാതെയാണ് കുടുംബത്തിന് നേരെ ഇസ്രയേൽ വെടിയുതിർത്തതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പലസ്തീനിലെ വെസ്റ്റ് ബാങ്കിലാണ് ഇസ്രയേലിൻ്റ ആക്രമണം നടന്നത്. ദമ്പതികളും അവരുടെ രണ്ട് കുട്ടികളുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. സംഭവത്തിന് പിന്നാലെ വെസ്റ്റ് ബാങ്കിൽ വലിയ തോതിലുള്ള പ്രതിഷേധം ഇരമ്പുകയാണ്.പ്രദേശത്ത് ഇസ്രയേൽ സൈന്യം തിരച്ചിൽ നടത്തുന്നതിനിടെയാണ് വെടിയുതിർത്തത്. നിരവധിപ്പേർക്ക് പരുക്കുണ്ടെന്നാണ് പ്രാഥമിക വിവരം.
സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള ഈ ആക്രമണങ്ങൾ നിർത്തണമെന്ന് പലസ്തീൻ അതോറിറ്റി അറിയിച്ചു. അന്താരാഷ്ട്ര സമൂഹം ഇടപെട്ട് ഇതിൽ പരിഹാരമുണ്ടാക്കണമെന്നും ആവശ്യമുന്നയിച്ചു. ഗാസയ്ക്ക് പിന്നാലെ വെസ്റ്റ് ബാങ്കിലാണ് ഇപ്പോൾ ഇസ്രയേൽ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുന്നത്. കുറച്ച് മാസങ്ങൾ കൊണ്ട് തന്നെ നൂറിലധികം പേരാണ് പ്രദേശത്ത് കൊല്ലപ്പെട്ടിരിക്കുന്നത്. പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശവും നിലവിലുണ്ട്.

