
സ്ഥാനാർത്ഥിയാകാൻ താല്പര്യമില്ലെന്നും തന്റെ സ്വപ്നങ്ങളെല്ലാം സിനിമയിലാണെന്നും നടൻ ആസിഫ് അലി. എന്നാൽ, പാലക്കാട് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുഹൃത്ത് രമേഷ് പിഷാരടി ക്ഷണിച്ചാൽ പ്രചാരണത്തിന് പോകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പിഷാരടിയുടെ കഴിവുകളിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ആസിഫ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരണമെന്ന് ആവശ്യപ്പെട്ട് പിഷാരടി ഇതുവരെ വിളിച്ചിട്ടില്ലെന്ന് ആസിഫ് അലി പറഞ്ഞു. “അദ്ദേഹത്തെ അടുത്തറിയുന്ന ഒരാളായതുകൊണ്ട് തന്നെ അങ്ങനെയൊരു വിളി വന്നാൽ ഉറപ്പായും പോകും. വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. വോട്ട് ചെയ്യാതെ രാഷ്ട്രീയക്കാരെയോ പാർട്ടികളെയോ കുറ്റം പറയാൻ നമുക്ക് അവകാശമില്ല. സ്വന്തം വോട്ടവകാശം വിനിയോഗിച്ചതിന് ശേഷം മാത്രമേ ആ സ്വാതന്ത്ര്യമുള്ളൂ,” അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്ഥാനാർത്ഥിയാകാൻ ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ വെറും പ്രചരണങ്ങൾ മാത്രമാണെന്നും താരം വ്യക്തമാക്കി. ആരെങ്കിലും സമീപിച്ചാൽ തന്നെയും സ്ഥാനാർത്ഥിയാകാൻ തനിക്ക് താല്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

