
ദീപിക പത്രത്തിനെതിരെ പറഞ്ഞ ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. സാന്റാമോണിക്ക ഉള്‍പ്പെടെയുളള കമ്പനികൾക്ക് ഷെയര്‍ ഉളള സ്ഥാപനമാണ് ദീപികയെന്നും സാന്റാമോണിക്കയുടെ ഉടമയാണ് ദീപികയുടെ വൈസ് ചെയര്‍മാനെന്നും ഷോൺ ജോർജ് പറഞ്ഞു. എഫ്സിആര്‍എയുമായി ബന്ധപ്പെട്ട് സഭയെ അധിക്ഷേപിച്ച് സംസാരിച്ചതിന് പിന്നാലെ പി സി ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ദീപികയുടെ ഇന്നത്തെ മുഖപ്രസംഗം. ഇതേ കുറിച്ചാണ് റിപ്പോര്‍ട്ടറിന് നല്കിയ പ്രതികരണത്തില്‍ ഷോണ്‍ ജോര്‍ജ് സംസാരിച്ചത്.
അങ്ങനൊരു സ്ഥാപനം നിയന്ത്രിക്കുന്ന പത്രത്തിന്റേത് സഭയുടെ മുഖപ്രസംഗമായി കാണാന്‍ ഇപ്പോള്‍ സൗകര്യമില്ലെന്നും ഷോൺ വ്യക്തമാക്കി. കഴിഞ്ഞ ആറുമാസത്തിനിടെ കര്‍ണാടക, തെലങ്കാന, ഹിമാചല്‍ എന്നീ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ടൂറിസം വകുപ്പിന്റെ മുഴുവന്‍ പരസ്യങ്ങളും കെ സി വേണുഗോപാല്‍ കൊണ്ട് ദീപികയ്ക്ക് കൊടുത്തിട്ടുണ്ടെന്നും കെ സി വേണുഗോപാലാണ് ദീപികയുടെ എഡിറ്റോറിയല്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘ദീപികയ്ക്കെതിരെ പറഞ്ഞതിന് എനിക്ക് ഏറ്റവും പിന്തുണ ലഭിച്ചത് സഭയില്‍ നിന്ന് തന്നെയാണ്. ദീപിക നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചു എന്ന അഭിപ്രായമാണ് എല്ലാവര്ക്കും. കാരണം സഭയുടെ മുഖപ്രസംഗം എന്ന് പറഞ്ഞ് പിതാക്കന്മാരെ പറ്റിച്ച് ഇതിങ്ങനെ കൊണ്ടുനടക്കുകയാണ്. 15 കോടി രൂപയാണ് ഇവരുടെ ഇന്‍വെസ്റ്റ്മെന്റ്. 3 മണിക്കൂര്‍ സമയം തന്നാല്‍ മതി 15 കോടി കൊടുത്തേക്കാം. സഭയ്ക്ക് അതിനും മാത്രം ദാരിദ്രമില്ലെന്നേ.

ഇങ്ങനൊരു ഇന്‍വെസ്റ്ററെ ആവശ്യമില്ല. ദീപിക സഭയുടേതായി മാറണം. ദീപിക എന്ന പത്രത്തിനകത്ത് കയറിയിരിക്കുന്ന പുഴുക്കുത്തുകള്‍ക്ക് സ്ഥാപിത രാഷ്ട്രീയ താല്‍പ്പര്യമുണ്ട്. അവര്‍ കോണ്‍ഗ്രസിന് വേണ്ടി കുഴലൂത്ത് നടത്തുന്നു. പി സി ജോര്‍ജ്ജ് മെത്രാന്മാര്ക്കെതിരെ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. സഭയും ദീപികയുമായി ഒരു ബന്ധമില്ല. കഴിഞ്ഞ ആറുമാസമായി ദീപികയ്ക്ക് രേവന്ത് റെഡ്ഡിയുടെ പരസ്യം നിരന്തരമുണ്ട്. ദീപികയുടെ എഡിറ്റോറിയല്‍ പോളിസിയെ കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്തിട്ടുണ്ട്,’ ഷോൺ ജോർജ് പറഞ്ഞു
ദീപികയിലെ ചില വ്യക്തികൾ രാഷ്ട്രീയം കളിക്കുകയാണ് എന്നും നിക്ഷേപകർക്ക് വേണ്ടി വാർത്തകൾ വളച്ചൊടിക്കുകയാണ് എന്നും ഷോൺ ജോർജ് ഇന്നലെ ആരോപിച്ചിരുന്നു. സഭയുടെ മുഖപത്രം സഭയുടെ താത്പര്യങ്ങളാണ് സംരക്ഷിക്കേണ്ടത്. നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കരുത്. നിക്ഷേപകർ എഡിറ്റോറിയൽ പോളിസിയിൽ ഇടപെടുന്നുണ്ടോ എന്നറിയാൻ സഭയുടെ മക്കളായ ഞങ്ങൾക്കെല്ലാം അവകാശമുണ്ട്. സഭയുടെ ആശങ്കകൾ എല്ലാം ബിജെപി അംഗീകരിച്ചു. എന്നാൽ ദീപികയിൽ വരുന്നത് കോൺഗ്രസ് പരസ്യങ്ങളാണ്. പിതാക്കന്മാരുടെ ലേബലിൽ യുഡിഎഫിന് വേണ്ടി ചിലർ വിടുപണി ചെയ്യുകയാണ്. ദീപിക ഇത് നിർത്തണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടിരുന്നു.

