
അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ യുവജന കമ്മീഷന് സ്വമേധയാ കേസെടുത്തു. വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തിയെന്നും അധ്യാപകന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടെന്ന് തെളിഞ്ഞെന്നു യുവജന കമ്മീഷന് ചെയര്മാന് എം ഷാജര്‍ പറഞ്ഞു.
ക്ലാസില്‍ ബോഡി ഷെയ്മിങും കളിയാക്കലുകളും പതിവ്. മാത്രമല്ല വിചിത്രമായ ശിക്ഷാരീതികളും നടപ്പിലാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തുമെന്നും ഷാജര്‍ പറഞ്ഞു. അതേസമയം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന് ഈ മാസം 15വരെ അവധി നല്കി. വിഷു അവധിയാണെന്നാണ് കോളേജിന്റെ വിശദീകരണം.
ബിഡിഎസ് വിദ്യാർഥി നിതിന്‍ രാജിൻ്റെ മരണത്തില്‍ നേരത്തെ ദേശീയ പട്ടികജാതി കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി ശ്യംരാജ് നല്കിയ പരാതിയിലാണ് നടപടി. അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് കൈമാറണമെന്ന് ഡിജിപിയോട് കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ ഇന്ന് സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും. സസ്പെന്‍ഷനിലായ അധ്യാപകര്‍ ഒളിവിലാണെന്നാണ് വിവരം. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു. പിന്നാലെ അറസ്റ്റിന് സാധ്യതയുള്ളതിനാല്‍ ഇവര്‍ ഒളിവില്‍ പോയതെന്നാണ് സൂചന.
സംഭവത്തില്‍ രണ്ട് എഫ്ഐആറാണ് പൊലീസ് ഇട്ടിരിക്കുന്നത്. ആദ്യത്തേത് നിതിന്‍ രാജിന്റെ അസ്വാഭാവിക മരണത്തിലും രണ്ടാമത്തേത് നിതിന്‍ രാജ് വായ്പ എടുത്തതായി പറയുന്ന ലോണ്‍ ആപ്പിനെതിരെയാണ്.

