
അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ മരണത്തില്‍ പ്രതിയായ അധ്യാപകന് ഡോക്ടര്‍ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാര്‍ത്ഥികള്‍. കോളേജില്‍ സ്റ്റാഫ് റാഗിംഗ് ഉണ്ടെന്നും നിറത്തിന്റെ പേരിലടക്കം കടുത്ത ബോഡി ഷെയിമിംഗ് റാം നടത്തിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പലതവണ പരാതി എഴുതി നല്‍കിയെങ്കിലും ഫയലില്‍ സ്വീകരിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡോ. റാമിനെതിരെ മാത്രം നേരത്തെ പരാതി കൊടുത്തിട്ടുണ്ട്. ബ്ലാക്കി, വൈറ്റി, കോക്ക്റോച്ച്, ഫാറ്റ്, തിന്, യൂ ലുക്ക് സോ തിന്…ആര് യൂ എ കാന്‍സര്‍ പേഷ്യന്റ് എന്നുവരെ ഒരു കുട്ടിയോട് ചോദിച്ചിട്ടുണ്ട്. ഇക്കാര്യം ഉള്‍പ്പെടുത്തിയാണ് പരാതി കൊടുത്തത്. എല്ലാവരെയും അധിക്ഷേപിക്കും. കോളേജില്‍ ആദ്യമായിട്ടായിരിക്കും ഒരാള്‍ റാമിനെതിരെ സംസാരിക്കുന്നത്. അത് നിതിന്‍ ആണ്. താന്‍ തന്റെ പണി നോക്കി പോടോ എന്ന് നിതിന്‍ പറഞ്ഞിരുന്നുവെന്നും വിദ്യാര്‍ത്ഥി പറയുന്നു.
നീതി ലഭിക്കുന്നതുവരെ ക്ലാസുകള്‍ ബോയിക്കോട്ട് ചെയ്യാനാണ് വിദ്യാര്‍ത്ഥി യൂണിയിന്റെ തീരുമാനം. തങ്ങള്‍ക്ക് ശബ്ദമുണ്ടെന്ന് ഇവര്‍ മനസ്സിലാക്കട്ടെയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. കടുത്ത ബുള്ളിയിങ് വിദ്യാര്‍ത്ഥികള്‍ നേരിട്ടിട്ടുണ്ട്. നിറത്തിന്റെ പേരില്‍ അടക്കം സ്റ്റാഫ് റാഗിംഗ് ഉണ്ട്. നിറത്തിന്റെ പേരില്‍ എച്ച്ഒഡി ക്ലാസില്‍ വന്ന് അധിക്ഷേപിച്ചിട്ടുണ്ട്. ബോഡി ഷെയിമിംഗ് ഉണ്ട്. പലതവണ പരാതി കൊടുത്തിട്ടുണ്ട്. അക്കാദമിക് ഡീനിന്റെ കയ്യിലാണ് പരാതി കൊടുത്തിട്ടുള്ളതെന്നും വിദ്യാര്‍ത്ഥികള്‍ വിശദീകരിച്ചു.
നിതിന്റെ വിഷയത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കുട്ടികള്‍ പറയുന്നു. പലപ്പോഴും പേടിയുള്ളതുകൊണ്ടാണ് പരാതി പറയാതിരുന്നെന്നും ഇന്റേണല്‍ മാര്‍ക്കും ഹാജറും ഉള്‍പ്പെടെ കുറയ്ക്കും. എങ്ങനെവേണമെങ്കിലും തങ്ങളെ ടാര്‍ഗറ്റ് ചെയ്യാം. ദൗര്‍ഭാഗ്യകരമായ കാര്യങ്ങളാണ് നടന്നതെന്നും മറ്റൊരു വിദ്യാര്‍ത്ഥി പ്രതികരിച്ചു.

