
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സ്റ്റാഫിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ്. വി ഡി സതീശന്റെ സ്റ്റാഫ് ഭീഷണിപ്പെടുത്തിയതായാണ് പരാതി. യൂത്ത് കോൺഗ്രസ് പറവൂർ മണ്ഡലം സെക്രട്ടറി ആരോൺ ബി സ്രാമ്പിക്കൽ ആണ് പരാതി നൽകിയത്. ഡിജിപിക്കും ആലുവ റൂറൽ എസ് പിയ്ക്കും പരാതി നൽകിയിട്ടുണ്ട്.
വി ഡി സതീശന്റെ ഓഫീസിലോ അദ്ദേഹം പോകുന്നിടത്തോ വന്നാൽ തല്ലുമെന്ന് സ്റ്റാഫ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോൺ ബി സ്രാമ്പിക്കൽ പരാതിയിൽ പറയുന്നത്. തൻ്റെ എഫ് ബി പോസ്റ്റിന് താഴെ കമൻ്റിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും ആരോൺ ബി സ്രാമ്പിക്കൽ പറയുന്നു.
കെ സി വേണുഗോപാലിനെ വാഴ്ത്തിക്കൊണ്ടുള്ള കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ആരോൺ ഷെയർ ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെയാണ് ഭീഷണി കമൻ്റ് വന്നത്.

