
ഒഞ്ചിയം: ഒഞ്ചിയം ഗവൺമെന്റ് യുപി സ്കൂളിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളും ഓണസദ്യയും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ വേറിട്ട അനുഭവമായി.
പൂക്കള മത്സരം, സുന്ദരിക്ക് പൊട്ടുതൊടൽ, വാട്ടർ ഫില്ലിംഗ്, ഉറിയടി, ലെമൺ ആൻഡ് സ്പൂൺ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത വടംവലി മത്സരവും തിരുവാതിരക്കളിയും ഏറെ ആവേശത്തോടെയാണ് കാണികൾ ഏറ്റെടുത്തത്. സിംഫണി ഒഞ്ചിയം സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ഒഞ്ചിയം ഗവൺമെന്റ് യുപി സ്കൂളിന് ലഭിച്ചു
ഉച്ചയ്ക്ക് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒന്നിച്ചിരുന്ന് ഓണസദ്യ കഴിച്ചു. സദ്യയ്ക്കായി കുട്ടികൾ തന്നെ വീടുകളിൽ നിന്ന് വിഭവങ്ങൾ കൊണ്ടുവന്നത് ആഘോഷത്തിന്റെ കൂട്ടായ്മ വിളിച്ചോതുന്നതായി.
വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട്ട്, വാർഡ് മെമ്പർ നിഷ കഴകപ്പുരയിൽ, അഷറഫ് മാസ്റ്റർ, യൂസഫ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് രജീഷ് ആർ.കെ, മദർ പിടിഎ പ്രസിഡന്റ് റാഹിന, പ്രധാനാധ്യാപകൻ ടി.വി.എ ജലീൽ, പിടിഎ വൈസ് പ്രസിഡണ്ട്മാരായ വിനീഷ് സി പവിത്രൻ പി കെ, അധ്യാപകരായ ബിജു മൂഴിക്കൽ, ഹരികൃഷ്ണൻ, ശ്രീജ എം.പി.ടി, തസ്ലി സി.കെ, അശ്വിനി, ആൻസി, തേജ്ന, ബിജിഷ, ദിൻഷാദാസ്, പ്രീതി കെ.കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

