
നാദാപുരം കുമ്മങ്കോട്ട് വന്യജീവിയുടെ ആക്രമണം: യുവാവിന് പരിക്ക്; പുലിയെന്ന് സംശയം, ജാഗ്രതാ നിർദേശം
നാദാപുരം: പഞ്ചായത്തിലെ കുമ്മങ്കോട്ട് വന്യജീവിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. ഇന്ന് ഉച്ചയോടെ കുമ്മങ്കോട് ബദ്രിയ മസ്ജിദിനു സമീപത്താണ് സംഭവം. റോഡിലേക്ക് ചാടിയ വന്യജീവി യുവാവിനെ ആക്രമിക്കുകയായിരുന്നു. ആക്രമിച്ചത് പുലിയാണെന്ന അഭ്യൂഹം പ്രദേശത്ത് ശക്തമാണെങ്കിലും വനംവകുപ്പ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, പ്രദേശത്ത് പുലിയെ കണ്ടെന്ന തരത്തിലുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ നാദാപുരത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് കെ.എം. അഭിജിത്ത് എംഎൽഎ വാട്സാപ്പ് സന്ദേശത്തിലൂടെ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി. അവധി ദിവസമായതിനാൽ കുട്ടികളെ പുറത്തിറങ്ങാൻ അനുവദിക്കാതെ വീടുകളിൽ തന്നെ നിർത്തണമെന്നും, ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും എംഎൽഎ അഭ്യർത്ഥിച്ചു. എന്നാൽ ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും കുമ്മങ്കോട് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. അക്രമം നടത്തിയത് ഏത് വന്യജീവിയാണെന്ന് വ്യക്തമാക്കാൻ വനംവകുപ്പ് കാൽപ്പാടുകളും മറ്റും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.

