
തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് ബിജെപി പുറത്തിറക്കിയ പ്രകടന പത്രിക വായിച്ചാൽ ആരുമൊന്ന് ഞെട്ടും. 2036ലെ ഒളിംപിക്സിന് തിരുവനന്തപുരം വേദിയാകമെന്നാണ് അതിൽ ഒരു വാഗ്ദാനം. ഇത് വായിക്കുന്ന കടുത്ത ബിജെപിക്കാരുടെ വരെ കിളി പോയിട്ടുണ്ടാകുമെന്ന് ഉറപ്പ്. അല്ലേലും, ബി.ജെ.പിക്ക് വാഗ്ദാനങ്ങൾ വെറും ‘വാക്ക്’ മാത്രമാണെന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് എന്നേ മനസിലായതാണ്. ഒളിമ്പിക്സ് നടത്തി, തിരുവനന്തപുരത്തെ ലോകോത്തര നഗരമാക്കാൻ ഒരുങ്ങിക്കെട്ടി നിൽക്കുന്നവരുടെ മുൻകാല ചരിത്രം കൂടി നമുക്കൊന്ന് നോക്കാം…തിരുവനന്തപുരത്ത് ഒളിമ്പിക്സ് നടത്താൻ ശ്രമിക്കുന്നതിന് മുമ്പ്, രാജ്യം മുഴുവൻ കാത്തിരുന്ന ചില ‘ചെറിയ’ വാഗ്ദാനങ്ങളുണ്ടായിരുന്നു. അതിൽ എന്ത് സംഭവിച്ചു എന്ന് നോക്കാം. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത്, നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘വിദേശത്തെ കള്ളപ്പണം തിരിച്ചെത്തിയാൽ ഓരോ പൗരന്റെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ’ എന്ന വാഗ്ദാനം ഇപ്പോൾ എവിടെയാണ്? ‘തിരുവനന്തപുരത്തെ ഒളിമ്പിക്സിൽ’ ഇന്ത്യയ്ക്ക് മെഡൽ കിട്ടിയാലും കിട്ടാനില്ലാത്ത ആ 15 ലക്ഷവും കാത്ത് ഇപ്പോഴും ചിലരെങ്കിലും അക്കൗണ്ടിൽ നോക്കി ഇരിക്കുന്നുണ്ടാകും!

പെട്രോളിന്റെ വില ഒരു ലിറ്ററിന് 50 രൂപയാക്കുമെന്ന് ബി.ജെ.പി. നേതാക്കൾ പറഞ്ഞതും അത്ര പെട്ടെന്ന് മറക്കാനാകാത്ത വാഗ്ദാനമാണല്ലോ. കേൾക്കുമ്പോൾ തന്നെ കുളിര് കോരുന്ന മോഹനവാഗ്ദാനം. പെട്രോൾവില 100 രൂപയും കടന്ന് കുതിച്ചുയർന്ന് സാധാരണക്കാരൻ നടുവൊടിഞ്ഞ് നിൽക്കുമ്പോൾ, ഈ 50 രൂപ വാഗ്ദാനം കേട്ടാൽ ‘ആഹാ, കൊള്ളാം!’ എന്ന് പറഞ്ഞ് ചിരിക്കാനല്ലാതെ എന്തു ചെയ്യാനാകും?ഒളിമ്പിക്സ് നടത്തുന്നതിന് മുൻപ്, കേരളത്തിൽ ബിജെപിക്ക് ആദ്യമായി ഭരണം ലഭിച്ച നഗരസഭകളിൽ എന്താണ് സംഭവിക്കുന്നതെന്നും ആളുകൾ അറിയണം. കേരളത്തിൽ ബി.ജെ.പിക്ക് ഭരണമുള്ള പ്രധാന നഗരസഭകളായ പാലക്കാട്ടും പന്തളത്തും കാര്യമായ വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ല. മാലിന്യസംസ്ക്കരണം ഫലപ്രദമല്ല. റോഡുകളുടെ അവസ്ഥ ശോചനീയമാണ്. കേരളത്തിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ മിക്കവയും വികസനത്തിൻറെ പുതുചരിത്രമെഴുതി മുന്നേറുമ്പോൾ പന്തളം നഗരസഭയിൽ ഭരണപ്രതിസന്ധിയും, ബിജെപി കൗൺസിലർമാർക്കിടയിലെ തമ്മിലടിയും വാർത്തയായിരുന്നു. ബഡ്ജറ്റ് പോലും സമയത്ത് പാസാക്കാൻ അവിടുത്തെ ഭരണസമിതിക്ക് കഴിഞ്ഞില്ല. ഭരണം ലഭിച്ച നഗരസഭകളിൽ അടിസ്ഥാന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്തവരാണ് ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം (ഒളിമ്പിക്സ്) നടത്തുമെന്ന വാഗ്ദാനം മുന്നോട്ടുവെക്കുന്നത്.തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ കുറിച്ച് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള 2018ൽ നടത്തിയ ഒരു പ്രസ്താവനയും ബിജെപിക്കാർ ഓർക്കുന്നത് നന്നായിരിക്കും. തിരഞ്ഞെടുപ്പ് സമയത്ത് പറയുന്ന വാഗ്ദാനങ്ങൾ ആരെങ്കിലും കാര്യമായി എടുക്കുമോ? തിരഞ്ഞെടുപ്പിൽ ഉയർത്തുന്ന കാര്യങ്ങൾ യാഥാർത്ഥ്യവുമായി ബന്ധമില്ല എന്നാണ് അന്ന് ശ്രീധരൻപിള്ള പറഞ്ഞത്.ഒളിംപിക്സ് സംഘടിപ്പിക്കുകയെന്നത്, ഇന്ത്യ പോലെയുള്ള രാജ്യത്തിന് സമീപഭാവിയിൽ പോലും യാഥാർഥ്യമാക്കാനാകാത്ത കാര്യമാണ്. അപ്പോഴാണ് ഒരു നഗരസഭയിൽ ഒളിംപിക്സ് വേദിയൊരുക്കുമെന്ന പ്രകടനപത്രിക വാഗ്ദാനവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ഏതായാലും ഇതുപോലെയുള്ള തമാശകൾ ബിജെപിയിൽനിന്ന് തുടർന്നും നമുക്ക് പ്രതീക്ഷിക്കാ

