
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നിലപാടുമായി കെ മുരളീധരൻ. രാഹുലിനെ പുറത്താക്കുന്നതിൽ ഉചിതമായ തീരുമാനമെടുക്കും എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിന്റെ സസ്പെൻഷൻ തിരുത്തലിനുള്ള മുന്നറിയിപ്പായിരുന്നു. എന്നാൽ അതിന് ഇനി സ്കോപ്പ് ഇല്ല. അതുകൊണ്ട് തന്നെ ശക്തമായ നടപടി വേണം. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി എന്നും അദ്ദേഹം പറഞ്ഞു.എംഎൽഎ സ്ഥാനത്ത് തുടരുന്നു എന്നത് അദ്ദേഹം തീരുമാനിക്കണം. അത് പാർട്ടിയല്ല സ്വീകരിക്കേണ്ടത്. രാഹുലിനെ പാർട്ടി ഏൽപ്പിച്ചത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ്, അല്ലാതെ മതില് ചാടാൻ അല്ല എന്നും അദ്ദേഹം പറഞ്ഞു. പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്തുപോകാം എന്ന് മുന്നറിയിപ്പും അദ്ദേഹം നൽകി.പൊതുരംഗത്ത് ഉള്ളവർക്ക് മാന്യത വേണം. കെപിസിസി അധ്യക്ഷനുമായി താൻ സംസാരിച്ചു എന്നും നിലപാട് പ്രസിഡണ്ടിനെ അറിയിച്ചു എന്നും അതിൽ തീരുമാനം ആക്ഷനിലൂടെ വരും എന്നും മുരളീധരൻ പറഞ്ഞു.

