
രാജ്യത്തെ സാധാരണക്കാരായ സ്ത്രീകൾക്ക് ആത്മവിശ്വാസം പകർന്നു നൽകിയ പദ്ധതികൾ വിഭാവനം ചെയ്തു സ്ത്രീശാക്തീകരണത്തിന്റെ മാതൃക നടപ്പാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്ന് മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജ.സി.നായർ. മഹിളാമോർച്ച കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്രവനിതാദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
വിവിധ സ്ത്രീ സൗഹൃദ പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പിലാക്കുമ്പോൾ ആയിരക്കണക്കിന് 70 വയസ്സ് പൂർത്തിയായ സ്ത്രീകൾക്ക് ചികിത്സാസഹായം ലഭിക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കാതെ പദ്ധതിയിൽ ഒപ്പുവെക്കാതെ അമ്മമാരെ വഞ്ചിക്കുകയാണ് പിണറായി സർക്കാർ കേരളത്തിൽ ചെയ്യുന്നത്, സ്ത്രീകൾക്കെതിരെയും കുട്ടികൾക്കെതിരെയും നടക്കുന്ന അതിക്രമങ്ങൾ തടയാനും കേരള സർക്കാരിന് കഴിയുന്നില്ലെന്നും മുഖ്യപ്രഭാഷണത്തിൽ കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് സി.ആർ പ്രഫുൽ കൃഷ്ണൻ കുറ്റപ്പെടുത്തി.
മഹിളാമോർച്ച കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് ദീപ കുനിയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ അഡ്വ. നിഷ.സി ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി,മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് സത്യലക്ഷ്മി,മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിന്ദുപതേരി,നിഷാ മിനീഷ് എന്നിവർ സംസാരിച്ചു.

