
വടകര: നഗരഹൃദയത്തിലേക്ക് മാർച്ച് 18ന് “മാടൻ മോക്ഷം” എന്ന നാടകമെത്തുന്നു. നാടകപ്രേമികളുടെ ഈറ്റില്ലമായ വടകര നാരായണ നഗറിൽ 1600 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ ഒരുക്കുന്ന എൻവയർമെൻ്റൽ സ്റ്റേജിലാണ് “മാടൻ മോക്ഷം” എന്ന അമെച്ച്വർ നാടകം അവതരിപ്പിക്കുന്നത്. വടകര എഫാസ് വേദിയിൽ അരങ്ങേറുന്ന ഈ നാടകം കാണുന്നതിന് എഫാസിൻ്റെ ഫാമിലി മെമ്പർമാർക്ക് പുറമെ ഗസ്റ്റ് പാസ്സ് മുഖേനയും പ്രവേശനമുണ്ടായിരിക്കുന്നതാണ്. 2026 മാർച്ച് 18ന് രാത്രി 7:30 നാണ് പ്രദർശനം.
ഇന്ത്യൻ ഹിന്ദുത്വം അടിത്തട്ടിലേക്ക് അരിച്ചുകേറുന്നത് എങ്ങനെ എന്നതിൻ്റെ സൃക്ഷ്മ ചിത്രം വരച്ച് കാണിക്കുന്ന നാടകമാണ് “മാടൻ മോക്ഷം “. വളരെ അടിത്തട്ടിലുള്ള ഒരു ദൈവമാണ് “മാടൻ “. ശരിക്കു പറഞ്ഞാൽ ദൈവങ്ങളിലെ ഒരു ദലിതൻ .
ചുടലമാടൻ എന്ന് പേര് വിളിക്കും. ചുടല കാക്കുന്നവൻ അതായത് സ്മശാന കാവൽക്കാരൻ. അധ:കൃത ജാതിയിൽപ്പെട്ടൊരാൾ കൊണ്ടുചെന്നു കൊടുക്കുന്ന കള്ളും ചുരുട്ടും മാംസവും ചോരയുമാണ് വഴിപാട്. അവർക്ക് മാടൻ ആകാശത്ത് നിന്നുള്ള ദൈവമല്ല. ഒപ്പമുള്ള ദൈവമാണ്. അവരുടെ ഒപ്പമുണ്ടായിരുന്ന ആ ദൈവം മറ്റൊന്നായി മാറുന്നതിൻ്റെ തീക്ഷ്ണാനുഭവമാണ് ഈ നാടകത്തിൽ വരച്ച് കാട്ടുന്നത്. മലയാള നാടക രംഗത്ത് സാമൂഹ്യ വിമർശനത്തിൻ്റെ അസാധാരണവും അതിനിശിതവുമായ പൊളിച്ചെഴുത്ത് ഈ നാടകത്തിൽ നമുക്ക് കാണാൻ കഴിയും. തമിഴ് – മലയാളം സാഹിത്യകാരനായ ജയമോഹൻ എന്ന സാഹിത്യകാരൻ എഴുതിയ “മാടൻമോക്ഷം” എന്ന കൃതിയെ ആസ്പദമാക്കി ആലപ്പുഴ “മരുതം” തിയെറ്റേഴ്സ് അരങ്ങിലെത്തിക്കുന്ന ഈ നാടകത്തിന് 2025ലെ മികച്ച നാടകം, മികച്ച സംവിധായകൻ (ജോബ് മഠത്തിൽ) മികച്ച നടൻ (പ്രമോദ് വെളിയനാട്) എന്നിങ്ങനെ കേരള സർക്കാറിൻ്റെ 3 സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പ്രമോദ് വെളിയനാടും ജയചന്ദ്രൻ തകഴിക്കാരനും പ്രധാന വേഷങ്ങളിൽ എത്തുന്ന “മാടൻ മോക്ഷം” വടകരക്കാർക്ക് മികച്ച ഒരു നാടകാനുഭവമായിരിക്കും.
ഗസ്റ്റ് പാസ്സുകൾക്ക് സമീപിക്കുക:
9447859767, 944646475, 9447754558

