
ഇറാൻ്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പിടിച്ചെടുത്ത് നശിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ആണവ സാമഗ്രികൾ ആർക്കും വിട്ടുകൊടുക്കില്ലെന്ന ഇറാൻ്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ട്രംപിൻ്റെ ഈ കടുത്ത മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ നാവിക ഉപരോധത്തിലൂടെ നിലവിൽ മേഖലയുടെ പൂർണ നിയന്ത്രണം അമേരിക്കയുടെ കൈകളിലാണെന്നും ട്രംപ് അവകാശപ്പെട്ടു. പശ്ചിമേഷ്യൻ യുദ്ധം താൽക്കാലികമായി നിർത്തലാക്കുന്നതിനുള്ള ദീർഘകാല സമാധാന കരാറിന് മുന്നിലുള്ള രണ്ട് പ്രധാന തടസ്സങ്ങൾ ഇറാൻ്റെ ആണവ മോഹങ്ങളും ആഗോള എണ്ണ വിതരണ പാതയായ ഹോർമുസ് കടലിടുക്കിലെ തർക്കങ്ങളുമാണ്.
ഖമേനിയുടെ പ്രസ്താവനയോട് പ്രതികരിക്കവെ, ‘ഞങ്ങൾ ആ യുറേനിയം ശേഖരം പിടിച്ചെടുക്കുക തന്നെ ചെയ്യും. ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല. കൈക്കലാക്കിയ ശേഷം അവ നശിപ്പിച്ചു കളഞ്ഞേക്കാം, എന്നാൽ ആണവ സാമഗ്രികൾ കൈവശം വെക്കാൻ ഒരിക്കലും ഇറാനെ അനുവദിക്കില്ല, എന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നാവിക ഉപരോധത്തിലൂടെ ഹോർമുസ് കടലിടുക്കിൻ്റെ പൂർണ നിയന്ത്രണം തങ്ങൾക്കാണെന്നും, ഇറാൻ ആണവായുധം നിർമിക്കുന്നത് തടയാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ ആണവായുധ നിർമാണത്തിലേക്ക് നീങ്ങുകയാണെന്ന് ഇസ്രായേലും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ദീർഘകാലമായി ആരോപിക്കുന്നുണ്ട്. സിവിലിയൻ ആവശ്യങ്ങൾക്ക് വേണ്ടതിനേക്കാൾ വളരെ ഉയർന്ന തോതിൽ, അതായത് 60 ശതമാനം വരെ യുറേനിയം ഇറാൻ സമ്പുഷ്ടീകരിച്ചതാണ് ഈ സംശയങ്ങൾക്ക് കാരണം. ആയുധ നിർമ്മാണത്തിന് 90 ശതമാനം സമ്പുഷ്ടീകരണമാണ് വേണ്ടത്. എന്നാൽ തങ്ങൾക്ക് ആണവായുധ മോഹങ്ങളില്ലെന്നാണ് ഇറാൻ്റെ വാദം. സമ്പുഷ്ടീകരിച്ച യുറേനിയം ഇറാനിൽ നിന്ന് മാറ്റാതെയും, വിവിധ മിലിഷ്യ ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കാതെയും യുദ്ധം അവസാനിച്ചതായി കണക്കാക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ആണവ സാമഗ്രികൾ വിദേശത്തേക്ക് മാറ്റുന്നത് ഭാവിയിൽ അമേരിക്കയുടെയും ഇസ്രായേലിൻ്റെയും ആക്രമണങ്ങൾക്ക് തങ്ങളെ കൂടുതൽ ഇരയാക്കുമെന്നാണ് ഇറാന്റെ വിലയിരുത്തൽ.
ഫെബ്രുവരി 28ന് ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണത്തോടെയാണ് നിലവിലെ യുദ്ധം ആരംഭിച്ചത്. ഇതിന് പിന്നാലെ യുഎസ് സൈനിക താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തുകയും, ലെബനനിലെ ഹിസ്ബുള്ളയും ഇസ്രായേലും തമ്മിൽ കടുത്ത പോരാട്ടം ആരംഭിക്കുകയും ചെയ്തു. നിലവിൽ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും പാകിസ്ഥാൻ്റെ മധ്യസ്ഥതയിൽ നടക്കുന്ന സമാധാന ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. നിലവിലെ വെടിനിർത്തൽ വീണ്ടും വ്യോമാക്രമണം നടത്താനുള്ള അമേരിക്കയുടെ തന്ത്രപരമായ നീക്കമാണെന്നാണ് ഇറാൻ സംശയിക്കുന്നത്. അമേരിക്ക പുതിയ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുകയാണെന്ന് ഇറാന്റെ മുഖ്യ സമാധാന ചർച്ചക്കാരൻ മുഹമ്മദ് ബഖർ ഖാലിബാഫും ആരോപിച്ചു. അതേസമയം, സമാധാന കരാറിന് ഇറാൻ തയ്യാറായില്ലെങ്കിൽ കൂടുതൽ ആക്രമണങ്ങളിലേക്ക് കടക്കുമെന്നും എന്നാൽ ശരിയായ മറുപടിക്കായി ഏതാനും ദിവസങ്ങൾ കൂടി കാത്തിരിക്കാമെന്നുമാണ് ട്രംപിൻ്റെ നിലപാട്.

