
മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഓടിക്കൊണ്ടിരിക്കുന്ന എസ്യുവിക്ക് തീപിടിച്ചു. ഈ സമയം വാഹനത്തിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും അത്ഭുതകരമായി രക്ഷപ്പെടുത്തി. മുറാറിലെ സെവൻ നമ്പർ സ്ക്വയറിൽ നിന്ന് ഭിന്ദ് റോഡിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോവുകയായിരുന്ന ഒരു കുടുംബമായിരുന്നു അപകട സമയം വാഹനത്തിലുണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും അപ്രതീക്ഷിതമായി തീ ഉയർന്നപ്പോൾ വഴിയാത്രക്കാരും പരിഭ്രാന്തരായി. ഗോള കാ മന്ദിർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കൽപി ബ്രിഡ്ജ് റോഡിലാണ് സംഭവം നടന്നതെന്ന് വിവരം.

ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ബോണറ്റില്‍ നിന്നുമാണ് അപ്രതീക്ഷിതമായി തീ ഉയർന്നത്. പിന്നാലെ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇത് വലിയൊരു ദുരന്തം ഒഴിവാക്കി. കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ കാറിലുണ്ടായിരുന്ന എല്ലാ കുടുംബാംഗങ്ങളെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെങ്കിലും വാഹനം നിമിഷങ്ങൾക്കുള്ളില്‍ പൂർണ്ണമായും കത്തിയമർന്നു.

