
കരിങ്കൊടി പ്രതിഷേധത്തിനിടെ മുന്‍ മന്ത്രി വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു. വ്യാജ പരാതി നല്കിയ വീണാ ജോര്‍ജിന്റെ ഗണ്‍മാനെതിരെ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തങ്ങള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പാര്‍ട്ടിയുടെ തീരുമാനം നടപ്പിലാക്കുകയായിരുന്നുവെന്നും കേസില്‍ ജയിലില്‍ കിടന്ന കെഎസ്യു കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അതുല്‍ എം സി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ചെയ്യാത്ത കുറ്റത്തിന് 16 ദിവസമാണ് താന്‍ ജയിലില്‍ കിടന്നത്. ഭരണകൂട വേട്ടയാണ് നടന്നത്. നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാന്‍ പുതിയ സര്‍ക്കാര്‍ ഇടപെടണമെന്നും എം സി അതുല്‍ പ്രതികരിച്ചു. പ്രതിഷേധത്തിനിടെ ആയുധം ഉപയോഗിച്ച് വീണാ ജോര്‍ജിന്റെ കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നായിരുന്നു ഗണ്‍മാന്റെ മൊഴി. എന്നാല്‍ ഇതില്‍ നിന്നും വിരുദ്ധമായി കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമാണെന്നായിരുന്നു പിന്നീട് വീണാ ജോര്‍ജ് പൊലീസില്‍ മൊഴി നല്‍കിയത്.
ഫെബ്രുവരി 25നായിരുന്നു വീണാ ജോര്‍ജ്ജിനെതിരെ കെഎസ്യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ചായിരുന്നു സംഭവം. മന്ത്രിയായിരുന്ന വീണാ ജോര്‍ജിനെ അപായപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള നീക്കമെന്നാണ് സിപിഐഎം നേതാക്കള്‍ ഇതില്‍ പ്രതികരിച്ചത്. വീണാ ജോര്‍ജിനെ മാരക ആയുധവുമായി ആക്രമിച്ചെന്നായിരുന്നു എഫ്ഐആര്‍.
കേസില്‍ അതുല്‍ എംസി, അക്ഷയ് മാട്ടൂല്‍, ബിതുല്‍ ബാലന്, മുബാസ് സി അച്ച്, അഹമ്മദ് യാസീന്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. നിലവില്‍ ഇവര്‍ ജാമ്യത്തിലാണ്. കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം അനുവദിച്ചത്.

