
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ എം .ലിജു മുഖ്യമന്ത്രി വി.ഡി. സതീശനെ കാണും. വകുപ്പ് മന്ത്രി അറിയാതെയുള്ള തീരുമാനത്തിൽ പ്രതിഷേധമറിയിക്കാനാണ് ലിജു മുഖ്യമന്ത്രിയെ കാണുന്നത്. എക്സൈസ് മന്ത്രി അറിയാതെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച തീരുമാനം വിവാദമായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. നിയമസഭയിലാവും കൂടിക്കാഴ്ച.സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കമായി. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവും ധാതു സംസ്കരണത്തിലെ സ്വകാര്യ പങ്കാളിത്തവും പ്രധാന ചർച്ചയാകും. രണ്ട് വിഷയത്തിലും ശക്തമായി എതിർപ്പുന്നയിക്കാനുറച്ചാണ് പ്രതിപക്ഷം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ രണ്ട് തീരുമാനങ്ങളിലും കോൺഗ്രസിലും എതിർപ്പുയർന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രി വി.ഡി. സതീശന് രണ്ട് വിഷയങ്ങളിലും എതിർപ്പുന്നയിച്ച് കത്തയച്ചത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയത് വകുപ്പ് മന്ത്രി എം. ലിജു അറിഞ്ഞിട്ടില്ലെന്നും വിമർശനമുയർന്നിരുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പ്രതിപക്ഷം എതിർപ്പുന്നയിച്ച വിഷയം, അധികാരത്തിലേറി ആദ്യ ബജറ്റിൽ തന്നെ ഉൾപ്പെടുത്തിയിരുന്നു. പിന്നാലെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി.അതേസമയം, സർക്കാർ തീരുമാനത്തിനെതിരെ സാമുദായിക സംഘനകളും മതനേതാക്കളും രംഗത്തെത്തി. സർക്കാർ തീരുമാനത്തിൽ വിമർശനവുമായി കാന്തപുരം വിഭാഗം. മുഖപത്രമായ സിറാജിലെ എഡിറ്റോറിയലിലാണ് കടുത്ത വിമർശനമുന്നയിച്ചത്. വീര്യം കുറഞ്ഞത്, കൂടിയത്, ശുദ്ധം, വ്യാജം എന്നിങ്ങനെ മദ്യത്തെ തരം തിരിക്കുന്നത് വിഡ്ഢിത്തമാണെന്നും പുതിയ മദ്യ നയം ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നും വിമർശിച്ചു. ഈ തീരുമാനം പൊതുസമൂഹത്തിൽ മദ്യ വ്യാപനത്തിന് ഇടയാക്കുമെന്നും പുതിയ മദ്യ കമ്പനികളുടെയും ഇനങ്ങളുടെയും കുത്തൊഴുക്കിനു കാരണമാകുമെന്നും പ്രഖ്യാപനം മുഖ്യമന്ത്രി വി ഡി സതീശൻ തിരുത്തണമെന്നും ഓപ്പറേഷൻ തൂഫാൻ ഒരു വശത്തു നടക്കുമ്പോഴാണ് മദ്യ വ്യാപനത്തിന് സർക്കാർ കൂട്ട് നിൽക്കുന്നതെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തി.
സിറോ മലബാർസഭ ബിഷപ് മാർ ജോസഫ് പാംപ്ലാനിയും സർക്കാറിനെതിരെ രംഗത്തെത്തി. ലഹരി വ്യാപിപ്പിക്കുന്ന നയം സ്വീകാര്യമല്ലെന്നും വീര്യം കുറഞ്ഞത് എന്ന പേരിൽ എല്ലാവർക്കും മദ്യം ലഭ്യമാക്കാനുള്ള തീരുമാനം ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തൂഫാൻ പോലുള്ള പരിപാടികളെ ഇത് പിന്നോട്ടടിപ്പിക്കും. തീരുമാനം പുനഃപരിശോധിക്കണം. കഴിഞ്ഞ സർക്കാർ ചെയ്ത തെറ്റ് തെറ്റെന്ന് പറയാൻ കഴിയണം. ആ നയത്തിന്റെ മറവിൽ പുതിയ സർക്കാർ മദ്യമൊഴുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

