
നെന്മാറ ഇരട്ടക്കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിന്മേല് വാദം കേട്ടശേഷം വിധി പറയാന്‍ മാറ്റുകയായിരുന്നു. ബാക്കിയുള്ളവരുടെ ജീവന് കൂടി ഭീഷണിയാകുന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന് വാദം. സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസില്‍ കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കാവൂ എന്നാണ് പ്രതിഭാഗത്തിന്റെ വാദം. 2025 ജനുവരി 27ന് പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷാവിധി പ്രസ്താവിക്കുന്നത്.
കൃത്യം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. സാക്ഷിവിസ്താരത്തിനും, വിശദമായ വാദത്തിനും ശേഷം ഇരട്ട കൊലപാതക കേസില്‍ കോടതി ശിക്ഷാവിധി പ്രഖ്യാപിക്കാന്‍ ഒരുങ്ങുമ്പോഴും, ബോയന്‍ നഗറിലെ മനസ്സുകളില്‍ ചെന്താമര ഉണ്ടാക്കിയ ഭയം കുറഞ്ഞിട്ടില്ല. പ്രതി ചെന്താമരയ്ക്ക് കോടതി പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് പോത്തുണ്ടി ബോയന്‍ നഗറിലെ കുടുംബങ്ങളുടെ ആവശ്യം. ചെന്താമരയോട് നീതിപീഠം ദയ കാണിക്കരുതെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. നിരവധി കുടുംബങ്ങള്‍ ചെന്താമരയെ പേടിച്ച് ജനിച്ച നാടും വീടും വിട്ട് അന്യനാട്ടിലേക്ക് താമസം മാറി. ചെന്താമരയ്ക്ക് തക്കതായ ശിക്ഷ ലഭിച്ച ശേഷമേ തങ്ങള്‍ നാട്ടിലേക്ക് തിരിച്ചെത്തൂ എന്നാണ് ഇവര്‍ പറയുന്നത്.

