
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് അധ്യാപകൻ ഡോ. റാമിന്റെ കിരാതമായ പ്രവർത്തികൊണ്ട് മകൻ കോളജിൽ കൊലചെയ്യപ്പെടുകയാണ് ഉണ്ടായതെന്ന് നിതിൻ രാജിന്റെ അച്ഛൻ രാജൻ. ഡോക്ടർ റാം ഇനി ഡോക്ടറായി ഇരിക്കാൻ അർഹനല്ല. കൊലയാളിയാണ് അയാൾ. മകന്റെ കൊലപാതകത്തിന് പിന്നിൽ ഇനിയും അധ്യാപകരും പ്രിൻസിപ്പാളും ഉണ്ട്. അന്ന് നടന്ന സംഭവത്തിൽ ആരൊക്കെയാണോ പങ്കെടുത്തിട്ടുള്ളത് അവരെല്ലാം പ്രതികളാണ്. അവരെ പുറത്ത് കൊണ്ടുവരാനാണ് ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകാനായി പോയത്. എല്ലാ പ്രതികളെയും പുറത്തുകൊണ്ട് വരണമെന്നും റാമിന് വധശിക്ഷ നൽകണമെന്നും രാജൻ പ്രതികരിച്ചു.
മകൻ മരിച്ച് നൂറ് ദിവസം കഴിഞ്ഞാണ് റാമിനെ പൊലീസ് പിടികൂടുന്നത്. പഠിച്ച് നല്ല ഡോക്ടറായി പുറത്തിറങ്ങാൻ ആഗ്രഹിച്ച എന്റെ മകനെ കൊന്നു കളഞ്ഞു. ചാനലിൽ എഴുതുന്നത് പോലെ മകൻ ആത്മഹത്യ ചെയ്തതല്ല കൊലപാതകമാണത്. അതിന് വ്യക്തമായ തെളിവുകൾ ഉണ്ട് എന്നാൽ അതൊന്നും പുറത്തുവന്നിട്ടില്ല. മകനെ കൊന്നു തള്ളിയതാണ്, നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പിതാവ് പറഞ്ഞു.കുടുംബത്തിന്റെ തീരാ നഷ്ട്ടം കോളേജോ മാനേജ്മെന്റോ നികത്തി തരില്ല. നിഥിന്റെ നീതിയ്ക്കായി ഏതറ്റം വരെയും പോകും.എഡിജിപിയുടെ നേത്യത്വത്തിൽ അന്വേഷണം കണ്ണൂരിൽ വെച്ചുതന്നെ അട്ടിമറിച്ചുവെന്നും നിതിൻ രാജിന്റെ അച്ഛൻ വ്യക്തമാക്കി.

അതേസമയം, നിതിൻ രാജ് ജീവനൊടുക്കി മൂന്ന് മാസം കഴിഞ്ഞാണ് കേസിൽ ഒന്നാം പ്രതിയായ ഡോ. എം കെ റാം പിടിയിലാകുന്നത്. ഇന്ന് പുലർച്ചെ കുടകില് നിന്ന് കാറിൽ പോവുകയായിരുന്ന റാമിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തടഞ്ഞ് പിടികൂടുകയായിരുന്നു. കീഴടങ്ങാൻ റാം കണ്ണൂരിലേക്ക് പുറപ്പെട്ടതായിരുന്നു എന്നാണ് വിവരം. കണ്ണൂരിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ച റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
താടിവച്ച് രൂപം മാറിയാണ് എം കെ റാം ഒളിവു ജീവിതം നയിച്ചത്. മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. പകരം മറ്റു രണ്ടുപേരുടെ മൊബൈൽ ഫോണുകൾ വഴിയായിരുന്നു ആശയവിനിമയം. ഒരാഴ്ചയോളം കുടകിൽ ഒളിവിൽ കഴിഞ്ഞത് മൊബൈൽ റേഞ്ച് പോലും ഇല്ലാത്ത സ്ഥലത്തായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഒളിവിൽ കഴിയാൻ പ്രാദേശിക സഹായങ്ങൾ റാമിന് ലഭിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ റാം നിരപരാധിയാണെന്നും ലോൺ ആപ്പിന്റെ ഭീഷണിയാണ് നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നും റാമിൻ്റ അഭിഭാഷകൻ ലത്തീഫ് ബഡകന്നൂർ പറഞ്ഞു.

