
ആയഞ്ചേരി: ആയഞ്ചേരി – കടമേരി – തണ്ണീർപന്തൽ പി.ഡബ്ല്യു.ഡി റോഡിലെ പഞ്ചായത്ത് ഓഫീസിന് സമീപത്തെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും പരിഷ്കരണ പ്രവർത്തി നടത്തുന്നതിനുമായി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി എഞ്ചിനീയർക്ക് നിവേദനം നൽകിയിരുന്നു. അതിൻ്റെ ഫലമായി 17 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാറിന്റെ അനുമതിക്കായി സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ സർക്കാറിന്റെ മെല്ലെ പോക്ക് നയം കാരണം പ്രവർത്തി തുടങ്ങിയിരുന്നില്ല. ഇത് ഏറെ പ്രതിഷേധങ്ങൾക്കും മറ്റും കാരണമായി. വെള്ളക്കെട്ട് കാരണം വാഹന ഗതാഗതവും കാൽനടയാത്രയും ദുസ്സഹമായ സാഹചര്യമുണ്ടാവുകയും വെള്ളക്കെട്ടിൽ വീണു പരിക്കേൽക്കുന്നതും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും നിത്യ കാഴ്ചയായിരുന്നു.പ്രദേശത്തുകൂടി യാത്ര പോകാനിടയായ വടകര എം.പി. ഷാഫി പറമ്പിൽ ഉടൻ തന്നെ പി.ഡബ്ല്യു.ഡി അധികൃതരെ ബന്ധപ്പെടുകയും പ്രശ്നപരിഹാരം കാണുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തു. കൂടാതെ എം.പിയുടെ ഫണ്ടിൽ നിന്നും ഡ്രെയിനേജ് സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിക്കുകയുമുണ്ടായി.റോഡ് ഉയർത്തി ടാറിങ് നടത്തി ഇരുവശത്തും ഐറിഷ് ഡ്രൈനേജ് നിർമ്മിക്കുന്നതാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് വെള്ളിലാട്ട്, പഞ്ചായത്ത് അംഗങ്ങളായ സരള കൊള്ളിക്കാവിൽ , ടി.കെ. ഹാരിസ് എന്നിവരുടെ സാന്നിധ്യത്തിൽ പരിഷ്കരണ പ്രവർത്തി ആരംഭിച്ചു.

