
കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി ബിൽ, 2026 ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ തത്ത്വങ്ങളെ പൂർണ്ണമായും കാറ്റിൽപ്പറത്തുന്നതാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഖനന അവകാശങ്ങളിലും ധാതുവിഭവങ്ങളടങ്ങിയ ഭൂമിയിലും അധിക നികുതിയോ സെസ്സോ ഈടാക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാപരമായ അവകാശത്തെ തടയുന്നത് സംസ്ഥാനങ്ങളുടെ താല്പര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം ഭൂമിയും അതിലെ വിഭവങ്ങളും (സംസ്ഥാന ലിസ്റ്റിലെ ഇനം 18) സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന വിഷയങ്ങളാണ്. ഇതിൽ കേന്ദ്ര നിയന്ത്രണം അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാ ലംഘനമാണ്.
ഭേദഗതി വ്യവസ്ഥകൾ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധമായതിനാൽ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ യുഡിഎഫ് സർക്കാർ തയാറാകണം എന്നാണ് അഭ്യർത്ഥിക്കാനുള്ളത്. ഫെഡറലിസത്തെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കാനായി കേന്ദ്ര സർക്കാരിനെതിരെ നിലപാടെടുക്കാൻ കേരളത്തിലെ സർക്കാർ തയ്യാറാവുമോ എന്നതാണ് ചോദ്യം. രാജ്യത്തിന്റെ അമൂല്യമായ ധാതുസമ്പത്ത് പൂർണ്ണമായും സ്വകാര്യ കുത്തകകൾക്ക് അടിയറവ് വെക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢനീക്കം കൂടിയാണ് പുതിയ ഭേദഗതി ബില്ലിലൂടെ പുറത്തുവന്നിരിക്കുന്നത്. തന്ത്രപ്രധാനമായ അപൂർവ്വ ധാതുക്കളുടെ ഖനനം ഉൾപ്പെടെ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനാണ് ഈ നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. പൊതുമേഖലയെ തകർത്ത് കോർപ്പറേറ്റുകൾക്ക് കൊള്ളലാഭമുണ്ടാക്കാൻ അവസരമൊരുക്കുക എന്നതുമാത്രമാണ് ഇതിനു പിന്നിലെ വ്യക്തമായ ഉദ്ദേശം. ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്.

കേന്ദ്ര സർക്കാരിന്റെ ഈ സ്വകാര്യവൽക്കരണ നയങ്ങൾക്ക് കുടപിടിക്കുന്ന സമീപനം തന്നെയാണ് കേരളത്തിലെ യുഡിഎഫ് സർക്കാരിനുമുള്ളത്. സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിലും പുതുക്കി അവതരിപ്പിച്ച ബജറ്റിലും കരിമണൽ ഖനനം പൂർണ്ണമായും സ്വകാര്യവൽക്കരിക്കാനുള്ള നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു എന്നതു മറന്നുകൂടാ. ‘റെയർ എർത്ത് ഇടനാഴി’ എന്ന പേരിൽ കേരളത്തിന്റെ തീരത്തെ ധാതുസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് തീറെഴുതിക്കൊടുക്കാനാണ് യുഡിഎഫ് സർക്കാരിന്റെയും ശ്രമം.ഇത്തരം സ്വകാര്യവൽക്കരണ അജണ്ടകളുടെ ഭാഗമായി വേണം കേരളത്തിന്റെ അഭിമാനമായ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിനെ തകർക്കാൻ നടക്കുന്ന ഗൂഢനീക്കങ്ങളെയും കാണാൻ. ഇതുസംബന്ധിച്ച വാർത്തകൾ കഴിഞ്ഞ ദിവസം മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ചവറയിലെ പൊതുമേഖലയിലുള്ള കരിമണൽ ഖനനം നിർത്തിവെപ്പിച്ച് ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന കെഎംഎംഎല്ലിന്റെ പ്രവർത്തനം പൂർണ്ണമായും പ്രതിസന്ധിയിലാക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. സ്വന്തമായി ഖനനം ചെയ്ത് ലാഭകരമായി പ്രവർത്തിക്കാൻ കഴിയുന്ന ഒരു സ്ഥാപനത്തെ വരിഞ്ഞുമുറുക്കി, സ്വകാര്യ കുത്തകകൾക്ക് കൊള്ളലാഭമുണ്ടാക്കാൻ അവസരമൊരുക്കുകയാണ് ഇതിലൂടെ. കമ്പനിക്ക് പ്രതിമാസം ആവശ്യമായതിന്റെ ഇരട്ടിയിലധികം അസംസ്കൃത വസ്തുക്കൾ സ്വകാര്യ കമ്പനികളിൽ നിന്നും ഉയർന്ന വിലയ്ക്ക് വാങ്ങാൻ നിർബന്ധിക്കുന്നത് ദുരൂഹമാണ്. നമ്മുടെ നാടിന്റെ സമ്പത്തായ കെഎംഎംഎല്ലിനെ ക്രമേണ പൂട്ടിക്കാനും ആ സ്ഥാനത്തേക്ക് സ്വകാര്യ ലോബികളെ പ്രതിഷ്ഠിക്കാനുമുള്ള ഈ ആസൂത്രിത നീക്കവും ചെറുക്കപ്പെടേണ്ടതുണ്ട് പിണറായി വിജയൻ വ്യക്തമാക്കി.

