ബ്രിക്സ് ഉച്ചകോടിക്കൊരുങ്ങി രാജ്യ തലസ്ഥാനം: നിര്‍ണായക കൂടിക്കാഴ്ചകള്‍ ഇന്ന്

18 മത് ബ്രിക്സ് ഉച്ചകോടി നാളെ ആരംഭിക്കാനിരിക്കെ ഇന്ന് നിര്‍ണായക കൂടിക്കാഴ്ച്ചകള്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടത്തും. ഉച്ചയോടെ ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് ഇന്ത്യയില്‍ എത്തും എന്നാണ് വിവരം. ഇറാന് പ്രസിഡന്റ് 6.15നാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുക. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നാളെ ഉച്ചയോടെ എത്തും. നാളെ വൈകീട്ടാണ് മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. സാമ്പത്തിക സഹകരണം, സാങ്കേതികവിദ്യ, ഊര്‍ജ്ജ-ഭക്ഷ്യ സുരക്ഷ, ആഗോള ഭരണപരിഷ്കാരങ്ങള്‍ എന്നിവ ബ്രിക്സ് കൂട്ടായ്മ ചര്‍ച്ച ചെയ്യും.
ഡല്‍ഹിയിലെ പാലം വ്യോമസേനാ താവളത്തില്‍ എത്തിയ പുടിനെ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്ധന് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമനാണ് സ്വീകരിച്ചത്. അതേസമയം 2019 ന് ശേഷമുള്ള ഷി ജിന്‍പിങ്ങിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. തര്‍ക്കത്തിലുള്ള ഹിമാലയന്‍ അതിര്‍ത്തിയില്‍ നടന്ന സൈനീക ഏറ്റുമുട്ടലിന് ആറ് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം ഇന്ത്യയില്‍ എത്തുന്നത്. ചൈനയുമായുണ്ടായിരുന്ന സംഘര്‍ഷ സമാന സാഹചര്യത്തില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ ചൈന ബന്ധം അടുത്തിടെ വീണ്ടും ഊഷ്മളമാകുമെന്നാണ് കരുതുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വീസുകള്‍, വിസകള്‍, ഉന്നതതല ബന്ധങ്ങള്‍ എന്നിവ ക്രമേണ പുനഃസ്ഥാപിക്കപ്പെട്ടിരുന്നു.

എന്നിരുന്നാലും അവരുടെ മത്സരാധിഷ്ഠിത അതിര്‍ത്തി, വര്‍ദ്ധിച്ചുവരുന്ന വ്യാപാര കമ്മി, തന്ത്രപരമായ മത്സരം എന്നിവ ബന്ധങ്ങളെ ഇപ്പോഴും സങ്കീര്‍ണ്ണമാകുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.ഇത്തവണ ബ്രിക്സ് ഉച്ചകോടിയില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷവും കേന്ദ്ര വിഷയമായി ഉയര്‍ന്നു വരുമെന്നാണ് കരുതുന്നത്. അതിനാല്‍ തന്നെ മസൂദ് പെസെഷ്കിയാന്റെ ഇന്ത്യ സന്ദര്‍ശനം ഏറെ നിര്‍ണായകമാണ്. ഇറാന് പ്രസിഡന്റ് എന്ന നിലയില്‍ പെസെഷ്കിയാന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഇറാന് യുദ്ധം ബ്രിക്സ് ഗ്രൂപ്പിന്റെ ഐക്യത്തിന് കടുത്ത പരീക്ഷണമായിരിക്കും എന്നാണ് ക്യാപിറ്റല്‍ ഇക്കണോമിക്സിന്റെ വിലയിരുത്തല്‍. മെയ് മാസത്തില്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാര്‍ വിഷയത്തിലെ സംയുക്ത പ്രസ്താവനയില്‍ യോജിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ക്യാപിറ്റല്‍ ഇക്കണോമിക്സിലെ ഷിലാന് ഷാ ഇത്തരം ഒരു അഭിപ്രായം മുന്നോട്ട് വെച്ചത്. ഇറാനുമായും ഇസ്രായേലുമായും ഇന്ത്യ സൗഹാര്‍ദ്ദപരമായ ബന്ധം പുലര്‍ത്തുന്നുണ്ട്. എന്നാല്‍ അമേരിക്കയുമായുള്ള ബന്ധത്തില്‍ സൂക്ഷ്മമായ സന്തുലിതാവസ്ഥ കൈവരിക്കാനും ഇന്ത്യ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.
റഷ്യയും യുക്രയിനും തമ്മിലുള്ള സംഘര്‍ങ്ങളും ഉച്ചകോടിയില്‍ ഉയര്‍ന്നു വന്നേക്കാമെന്നും വിലയിരുത്തലുണ്ട്. ഇറാന് യുദ്ധം മൂലമുണ്ടായ ഊര്‍ജ്ജ പ്രതിസന്ധിയെ റഷ്യന്‍ എണ്ണ ആശ്രയിച്ചുകൊണ്ട് ഇന്ത്യ ഭാഗികമായി മറികടന്നിരുന്നു. 2025 ഡിസംബറിലാണ് പുടിന് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. എന്നാല്‍ ഈ മാസം കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്കെക്കില്‍ വെച്ച് അദ്ദേഹം മോദിയെയും കണ്ടിരുന്നു. അതേസമയം റഷ്യ- യുക്രയിന് യുദ്ധം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് യുക്രയിന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി നന്ദി രേഖപ്പെടുത്തിയിരുന്നു. പിന്നാലെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ജയ്ശങ്കര് ഈ മാസം കീവും സന്ദര്‍ശിച്ചു.

