
മൂരാട് റെയിൽവേ പുതിയ പാലത്തിലൂടെ ഇനിമുതൽ വണ്ടികൾ തെക്കോട്ടും വടക്കോട്ടും ചീറിപ്പായും. ഇന്നലെ നടന്ന ആറരമണിക്കൂർ നീണ്ടുനിന്ന എൻജിനീയറിങ് ഇലക്ട്രിക്കൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടാണ് റെയിൽവേ ട്രാക്കും പാലത്തിലുള്ള ട്രാക്കും സംയോജിപ്പിച്ചത് . വൈകുന്നേരം 7 : 15 മുതൽ അർദ്ധരാത്രിയിൽ 1 :45 വരെ നീണ്ടുനിൽക്കുന്ന ‘ലൈൻ ബ്ലോക്ക് ‘ സംവിധാനമാണ് ആസൂത്രണം ചെയ്തതെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ബ്ലോക്ക് തുടങ്ങിയത് രാത്രി എട്ടുമണി മുതൽ രണ്ടര വരെയായിരുന്നു . എന്നാൽ ഇലക്ട്രിക്കൽ ലൈനിന്റെ എലയ്മെന്റ് പ്രശ്നം കാരണം അരമണിക്കൂർ വൈകി 3 മണിക്കാണ് ലൈൻ ബ്ലോക്കും പവർ ബ്ലോക്കും റദ്ദ് ചെയ്തത്. നിലവിലുള്ള ഇൻറ്റർലോക്കിങ്ങ് സംവിധാനവും സിഗ്നൽ സംവിധാനവും താൽക്കാലികമായി വിച്ചേതിച്ചു കൊണ്ടാണ് റെയിൽവേ ലൈനിൻ്റെ പുതിയ പാലത്തിലെ റെയിൽവേ ലൈനുകളുമായുള്ള ” കട്ട് & കണക്ഷൻ പ്രവർത്തി ആരംഭിച്ചത്. വണ്ടികളുടെ ക്രമീകരണത്തോടെയും സുരക്ഷയോടെയും കാര്യക്ഷമതയോടെയും തീവണ്ടികളുടെ വരവും പോക്കും പൂർണ്ണമായും സ്റ്റേഷൻ മാസ്റ്റർമാർ നിയന്ത്രിച്ചു. മാവേലി എക്സ്പ്രസ് 50 മിനിട്ടും 19260 എക്സ്പ്രസ് 45 മിനുട്ടും വൈകി ഓടി . വടകരയിൽ നിന്നും തിക്കോടിക്ക് പോകുന്ന അപ്പ്ലൈനിൽ തന്നെ തിരിച്ച് തിക്കോടിയിൽ നിന്ന് വടകരയിലേക്ക് ട്രെയിൻ നമ്പറുകളായ 22633 , 16338, 12224, എന്നീ വണ്ടികൾ കടത്തിവിട്ടു .

ഇന്നലെ വരെ കേട്ടിരുന്ന തീവണ്ടിയുടെ ഇരച്ചുപായൽ ഇനി പഴയ പാലതിന്റെ ഓർമ്മയായി അവശേഷിക്കും . പഴയ പാലം ഇനി വിസ്മൃതിയിലേക്ക്. ഇന്നലെ നടന്ന പ്രവർത്തി കാണാൻ കുട്ടികളും സ്ത്രീകളും ചെറുപ്പക്കാരും കൂട്ടത്തിൽ രാഷ്ട്രീയക്കാരും തടിച്ചുകൂടിയിരുന്നു പുതിയ പാലത്തിലൂടെയുള്ള തീവണ്ടിയുടെ ഇരച്ചിൽ നാട്ടുകാർ ആസ്വദിക്കുമ്പോഴുംഅവരുടെ മനസ്സിൽ മായാതെ നിൽക്കുന്ന അടിപ്പാത എന്ന ആവിശ്യം പലരും ഉയർന്നഉദ്യോഗസ്ഥരോട് പങ്കുവെക്കുന്നുണ്ടായിരുന്നു . റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരായ ജെറിൻ വി ആനന്ദ് (എ ഡി ആർ എം ) , ചീഫ് എൻജിനീയർ വിജയ പാണ്ഡയും , പ്രവർത്തനങ്ങൾക്ക്നിർദ്ദേശം നൽകി. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഷബിൻ ആസഫ് , സീനിയർ ഡിവിഷണൽ ഇലക്ട്രിക്കൽ എൻജിനീയർ സന്ദീപ് ,അസിസ്റ്റൻ്റ് എൻജിനീയർ ജവഹർ , ട്രാഫിക് ഇൻസ്പെക്ടർമാരായ വത്സലൻ കുനിയിൽ ,വി അജിത് , രാജേഷ് എന്നിവരും പങ്കെടുത്തു. കോഴിക്കോട് പുതുതായി ഓഫീസർ ആയി ചാർജ് എടുത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ഹബീബ് റഹ്മാൻ എൻജിനിയറിങ് പ്രവർത്തികൾക്ക് നേതൃത്വം നൽകി

