
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നാലാം ദിനവും പ്രതിഷേധം കനക്കുന്നു. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ എസ് യു ഐയുടെ (NSUI) നേതൃത്വത്തിൽ നടന്ന അതിശക്തമായ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ബലപ്രയോഗം നടത്തി. വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാക്തർക്കവും വൻ സംഘർഷവും ഉടലെടുത്തു. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കാരണക്കാരനായ സി ഇ സി ഗ്യാനേഷ് കുമാർ രാജി വെക്കും വരെ പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് വലിയ പ്രതിരോധം തീർക്കുയാണ് വിദ്യാർഥികൾ. മറുവശത്ത് പൊലീസ് ബലം പ്രയോഗത്തിന് ശ്രമം തുടരുകയാണ്. ഇതോടെ നാലാം ദിനവും തലസ്ഥാനം സംഘർഷഭരിതമാണ്.അതേസമയം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധച്ചൂടിൽ തിളച്ചുമറിയുകയാണ് രാജ്യതലസ്ഥാനം. തുടർച്ചയായി നാലാം ദിവസവും ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം അലയടിക്കുകയാണ്. ഇന്നലെ ഇന്ത്യാ ഗേറ്റിലേക്ക് ആം ആദ്മി പാർട്ടിയും ജന്തർ മന്തറിലേക്ക് ഐസയുടെ നേതൃത്വത്തിൽ വിദ്യാർഥി സംഘടനകളും നടത്തിയ പ്രതിഷേധ മാർച്ചിലും വലിയ സംഘർഷമുണ്ടായിരുന്നു. ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത ഐസ നേതാവ് നേഹാ ബോറ അടക്കമുള്ളവരെ പ്രതിഷേധത്തെത്തുടർന്ന് പൊലീസ് വിട്ടയച്ചു. ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് നാളെ മാർച്ച് ചെയ്യാനിരിക്കെയാണ് ദില്ലിയിൽ രണ്ടാം ജന്തർ മന്തർ സമരത്തിനുള്ള വലിയ തയ്യാറെടുപ്പ് കാണുന്നത്. ഇന്നലെ ഇന്ത്യാ ഗേറ്റിലേക്ക് ആദ്യം അപ്രതീക്ഷിതമായി എത്തിയത് ആം ആദ്മി പാർട്ടി പ്രവർത്തകരായിരുന്നു. ദില്ലി അധ്യക്ഷനും എം എൽ എയുമായ സൗരഭ് ഭരദ്വാജിന്റെ നേതൃത്വത്തിൽ എത്തിയ സംഘം അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തെ ചെറുത്തു.

