
ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയാണ് ഇപ്പോൾ സുഡാൻ നേരിടുന്നത്. അന്ത്യമില്ലാതെ തുടരുന്ന ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലമർന്ന് ആഹാരമോ വെള്ളമോ പാർപ്പിടമോ വൈദ്യുതിയോ ഇല്ലാതെ കൂട്ടത്തോടെ പലായനം ചെയ്യുന്ന മനുഷ്യർ. സുഡാനി ആംഡ് ഫോഴ്സസിന്റെ ശക്തികേന്ദ്രമായ എൽ ഫാഷര് പാരാമിലട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് പിടിച്ചെടുത്തതോടെ യുദ്ധം കടുക്കുകയാണ്.

വെടിവയ്പ്പിൽ നിന്നും രക്ഷനേടാൻ പിഞ്ചുകുഞ്ഞുങ്ങളെ കയ്യിലെടുത്ത് രാപകലില്ലാതെ സുരക്ഷിത കേന്ദ്രം തേടി നടക്കുന്ന അമ്മമാർ. ദാഹിച്ചു തൊണ്ട വരണ്ടാലും ഒരു തുള്ളി വെള്ളം കിട്ടാതെ ജീവൻ മാത്രം മുറുകെപ്പിടിച്ച് നിലവിളിക്കുന്ന കുഞ്ഞുങ്ങൾ. സുഡാനിൽ എവിടെയും ഈ ദുരന്ത കാഴ്ച കാണാം. യുദ്ധഭൂമിയിൽ ഏറ്റവുമധികം യാതനകൾ അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളും തന്നെയാണ്. രക്ഷപ്പെടാനുള്ള ശ്രമങ്ങൾക്കിടയിൽ ജീവൻ പൊലിയുന്നവർ. പലായനം ചെയ്യാതെ അവശേഷിക്കുന്നവരാകട്ടെ ഏതുനിമിഷവും ജീവൻ നഷ്ടപ്പെടാമെന്ന ഭയപ്പാടോടെ പട്ടിണിയും അക്രമങ്ങളും രോഗങ്ങളുംകൊണ്ട് നരകിക്കുന്നു.

ജനങ്ങളെ ഭയപ്പെടുത്താനും ശിക്ഷിക്കാനും ലൈംഗിക അതിക്രമങ്ങളാണ് അക്രമികൾ ആയുധമാക്കിയിരിക്കുന്നത്. നൂറുകണക്കിന് പെൺകുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി പകൽ സമയത്ത് സായുധ സംഘങ്ങൾക്കായി ജോലി ചെയ്യാൻ നിർബന്ധിക്കുന്നു. നേരം ഇരുട്ടുമ്പോൾ മറ്റുള്ളവർക്ക് മുന്നിൽ വച്ചുതന്നെ ക്രൂരമായ പീഡനങ്ങൾക്ക് ഇവർ ഇരയാവുകയും ചെയ്യുന്നുണ്ട്. ഈ അവസ്ഥ നേരിടുന്നതിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണെന്നതാണ് ഏറ്റവും വേദനയുണർത്തുന്ന വസ്തുത. പീഡനങ്ങൾക്കിരയായതിനെ തുടർന്ന് ഗർഭിണികളായ പെൺകുട്ടികളുടെ പട്ടിക നീളും. ആഹാരമോ വെള്ളമോ പോലുമില്ലാതെ ഗർഭകാലം കഴിച്ചുകൂട്ടുന്നവരും വൈദ്യസഹായമില്ലാതെ പ്രസവിക്കുന്നവരും നിരവധി.

ഇതിനെതിരെ പ്രതികരിക്കാനോ കേസുകൾ റജിസ്റ്റർ ചെയ്യാനോ തുനിഞ്ഞാൽ നിമിഷങ്ങൾക്കുള്ളിൽ ജീവൻ തന്നെ നഷ്ടമാകുന്ന അവസ്ഥ. നോർത്ത് ഡാർഫറിലെ തവിലയിൽ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് നടത്തുന്ന ഒരു ക്ലിനിക്കിന് മാത്രമേ ബലാത്സംഗത്തിന് ഇരയായവർക്ക് പരിചരണം നൽകാൻ നിലവിൽ സാധിക്കുന്നുള്ളൂ. ആൺകുട്ടികളെയും ആക്രമികൾ വെറുതെ വിട്ടിട്ടില്ല. കഴിഞ്ഞ ആഴ്ചകളിൽ ഇത്തരത്തിൽ പ്രായപൂർത്തി എത്താത്ത ആൺകുട്ടികളെ മൂന്നു ട്രക്കുകളിലായി നിറച്ച് കടത്തിക്കൊണ്ടു പോയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സൗത്ത് ഡാർഫറിൽ കുട്ടികളെ ആയുധധാരികളാക്കി പോരാട്ടത്തിനായി അയയ്ക്കുന്നു

ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്തുനേരിട്ട സമാനതകളില്ലാത്ത ക്രൂരതകളുടെ ഓർമയിൽ പകച്ചു കഴിയുന്ന സ്ത്രീകളും ഏറെയുണ്ട് സുഡാനിൽ. റാപ്പിഡ് സപ്പോർട്ട് ഫോഴ്സിലെ അംഗങ്ങൾ തട്ടിക്കൊണ്ടുപോയ ഇരുപത്തിരണ്ട് കാരിയായ യുവതി താൻ നേരിട്ട നരക യാതനകൾ വിവരിക്കുന്നത് ഇങ്ങനെ: ഒരു ഉൾഗ്രാമത്തിലേക്കാണ് അവർ എത്തിച്ചത്. മുറിവിട്ടിറങ്ങാൻ പോലും സമ്മതിക്കാതെ തുടർച്ചയായി രണ്ടുദിവസം ക്രൂരമായ ലൈംഗിക പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നു. ഒന്നിന് പിന്നാലെ ഒന്ന് എന്ന രീതിയിൽ ആളുകൾ അരികിലേക്ക് വന്നുകൊണ്ടേയിരുന്നു. ഓരോരുത്തരും മൂന്നും നാലും മണിക്കൂർ നേരം തുടർച്ചയായി പീഡിപ്പിക്കും. ശ്വാസം കിട്ടാതെ പിടഞ്ഞ അവസരങ്ങളായിരുന്നു ഏറെയും. ഏതെങ്കിലും തരത്തിൽ അവരെ എതിർക്കുകയോ സ്വയം രക്ഷിക്കാൻ ശ്രമിക്കുകയോ ചെയ്താൽ ക്രൂര മർദ്ദനങ്ങളും ഏൽക്കേണ്ടി വന്നിരുന്നു. രണ്ടുദിവസത്തിനുശേഷം തിരികെ നാട്ടിൽ എത്തിച്ചെങ്കിലും കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. അവർ തന്നെ കൊന്നു കളഞ്ഞിരുന്നെങ്കിൽ ഇതിലും എത്രയോ ഭേദമായിരുന്നു എന്ന് യുവതിയുടെ നെഞ്ചുപൊട്ടുന്ന വാക്കുകൾ.

ബലാത്സംഗം, കൂട്ടബലാത്സംഗം, ലൈംഗിക അടിമത്തം എന്നിവ ജനങ്ങളെ അപമാനിക്കാനും നിയന്ത്രണം സ്ഥാപിക്കാനും ബലപ്രയോഗത്തിലൂടെ കുടിയിറക്കാനും സായുധസേന ഉപയോഗിക്കുന്നതായി രാജ്യാന്തര സംഘടനകളുടെ റിപ്പോർട്ടുകളും സ്ഥിരീകരിക്കുന്നുണ്ട്. സുഡാനിലെ 12 ദശലക്ഷത്തിലധികം ആളുകൾ, അതായത് ഏകദേശം ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന ജനങ്ങൾ, ലിംഗാധിഷ്ഠിത അക്രമത്തിന് വിധേയരാകുന്നതായി ഐക്യരാഷ്ട്രസഭയുടെ വനിതാ റിപ്പോർട്ടിലും വ്യക്തമാക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ കുടിയിറക്ക പ്രതിസന്ധിയും ഏറ്റവും ഗുരുതരമായ മാനുഷിക അടിയന്തരാവസ്ഥകളിൽ ഒന്നുമാണ് സുഡാൻ ഇപ്പോൾ നേരിടുന്നത്. 30 ദശലക്ഷത്തിലധികം ആളുകളാണ് അടിയന്തര സഹായം ആവശ്യമായി കഴിയുന്നത്. പട്ടിണിക്കൊപ്പം കോളറ പോലെയുള്ള മാരകരോഗങ്ങൾ പടർന്നു പിടിക്കുന്നു. ആരോഗ്യ കേന്ദ്രങ്ങളെല്ലാം തകർക്കപ്പെട്ടു. സ്കൂളുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അടച്ചിടപ്പെട്ടു. ഈ ജീവൻ മരണ പോരാട്ടങ്ങൾക്കിടയിലും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം പരമാവധി ഉറപ്പാക്കാനായി സുഡാനിലെ ചില വനിതാ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. സാധ്യമാകുന്ന അത്രയും ജനങ്ങൾക്ക് സുരക്ഷിത കേന്ദ്രങ്ങൾ ഒരുക്കാനും പിന്തുണയേകാനുമാണ് പരിശ്രമങ്ങൾ. എന്നാൽ അടിയന്തര വിഭവങ്ങളോ വേണ്ടത്ര ധനസഹായമോ ഇല്ല എന്നതാണ് പ്രതിസന്ധി.

എൽ ഫാഷറിന്റെ പതനം സുഡാനിലെ യുദ്ധത്തിന്റെ ഒരു ദാരുണമായ വഴിത്തിരിവാണ് അടയാളപ്പെടുത്തുന്നത്. ഭയം മാത്രം നിഴലിച്ചു നിൽക്കുന്ന സുഡാനിൽ അവശേഷിക്കുന്നവരുടെ ജീവനെങ്കിലും നിലനിർത്തണമെങ്കിൽ ആഗോളതലത്തിലുള്ള ഇടപെടലുകൾ അടിയന്തരമായി ഉണ്ടായേ തീരു.

