
ജീവിതത്തിൽ പലപ്രതിസന്ധികളെയും നമ്മൾ നേരിടാറുണ്ട്. എന്നാൽ ഏറെ സ്നേഹിക്കുന്ന മനുഷ്യർ വഞ്ചിക്കുകയായിരുന്നെന്ന് അറിയുമ്പോൾ എങ്ങനെയായിരിക്കും പ്രതികരണം? സ്വാഭാവികമായും വഞ്ചിച്ച വ്യക്തിയോടു പകയും വെറുപ്പും തോന്നും. ഇത്തരം അനുഭവങ്ങുണ്ടാകുമ്പോൾ വെറുതെ ബഹളം വച്ചതുകൊണ്ടു കാര്യമില്ലെന്നു മനസ്സിലാക്കിയ ഒരു ജാപ്പനീസ് യുവതിയുടെ വ്യത്യസ്തമായ പ്രതികാരനടപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഭർത്താവിന് 520 സ്ത്രീകളുമായി ബന്ധമുണ്ടെന്നു മനസ്സിലാക്കിയ യുവതി സ്വന്തം ജീവിതകഥ കോമിക്കായി അവതരിപ്പിക്കുകയാണ്.

ഒരു സുഹൃത്ത് പരിചയപ്പെടുത്തിയ വ്യക്തിയെയാണ് നെമു കുസാനോ എന്ന യുവതി വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ കുസാനോവിന് ഒരു കുട്ടിയുണ്ട്. നിർഭാഗ്യവശാൽ അവന് ജന്മനാ രോഗബാധിതനാണ്. വീട്ടമ്മയായ കുസാനോയ്ക്ക് മകനെ ഒറ്റയ്ക്കു വളർത്തേണ്ട അവസ്ഥയാണ്. നീലച്ചിത്ര സിനിമയിലെ നടിമാരടക്കം നിരവധി സ്ത്രീകളുമായി ഭർത്താവിനു ബന്ധമുള്ളതായി കുസാനോ മനസ്സിലാക്കി. ഭർത്താവിന്റെ പോക്കറ്റിൽ നിന്ന് നിരവധി കോണ്ടങ്ങൾ കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്കു നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് കുസാനോയ്ക്കു മനസ്സിലായത്.

ഇക്കാര്യം ചോദിച്ചപ്പോൾ ജോലി സംബന്ധമായ ബന്ധങ്ങളാണെന്നായിരുന്നു കുസാനോയോടു ഭർത്താവിന്റെ മറുപടി. തന്റെ സമ്മർദം പുറത്തു തീർക്കുന്നതായും അത് വീട്ടിലേക്കു കൊണ്ടുവരാൻ താത്പര്യമില്ലെന്നും ഭർത്താവ് പറഞ്ഞതായും യുവതി വെളിപ്പെടുത്തി. 520 സ്ത്രീകളുമായി ഭർത്താവിനു ബന്ധമുണ്ടെന്നു മനസ്സിലാക്കിയ കുസാനോ ഒരു ഡോക്ടറെ സമീപിച്ചു. കുസാനോയുെട ഭർത്താവ് സ്കൂൾ കാലം മുതൽ തീവ്രമായ ലൈംഗികാസക്തിയുള്ള വ്യക്തിയാണെന്ന് ഡോക്ടർ വ്യക്തമാക്കി. ഇതൊരു മാനസിക പ്രശ്നമാണെന്നും അദ്ദേഹം കുസാനോയോട് പറഞ്ഞു. ഭർത്താവിന്റെ ഈ മാനസികാവസ്ഥയിൽ മാറ്റം വരുത്തുന്നതിനായി തെറാപ്പിക്കു വരെ അയാൾക്കൊപ്പം കുസാനോ പോയി. രോഗിയായ മകനു വേണ്ടിയായിരുന്നു കുസാനോയുടെ പരിശ്രമം. എന്നാൽ കുസാനോയുടെ പരിശ്രമം വിജയിച്ചില്ല. ഒടുവിൽ വിവാഹബന്ധം വേർപ്പെടുത്തിയ കുസാനോ മകനെ ഒറ്റയ്ക്കു വളർത്താൻ തീരുമാനിച്ചു.

ജാപ്പനീസ് മാങ്ക ആർട്ടിസ്റ്റ് പിറോയോ അരെയുടെ സഹായത്തോടെ സ്വന്തം കഥ കുസാനോ കോമിക്കായി അവതരിപ്പിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കഥ വളരെ വേഗത്തിൽ സോഷ്യൽ ലോകത്ത് ചർച്ചയായി. പരമ്പരാഗത ചൈനീസ് ജാപ്പനീസ് കുടുംബങ്ങളിൽ ഭർത്താവിന്റെ ഇത്തരം മാനോനിലയെ സഹിച്ചുകൊണ്ട് സ്ത്രീകൾ നിശബ്ദരായി തുടരുന്ന അവസ്ഥയുണ്ട്. കുസാനോയുടെ തീരുമാനം വളരെ ശരിയാണെന്നാണ് ഭൂരിപക്ഷത്തിന്റെയും പ്രതികരണം. ഭർത്താവിന്റെ തെറ്റുകള് സ്ത്രീകൾ സഹിക്കേണ്ടതില്ലെന്നും പലരും കമന്റ് ചെയ്തു.

