
കോഴിക്കോട്: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റ ചര്‍ച്ചകള്‍ സജീവമായിരിക്കെ വിഷയത്തില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കേരള കോണ്‍ഗ്രസ് (എം) വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് പിഎംഎ സലാം പറഞ്ഞു. അടിത്തറ വികസിപ്പിക്കുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. യോജിക്കാന്‍ പറ്റുന്ന എല്ലാവരുമായി സഹകരിക്കുമെന്നും പിഎംഎ സലാം പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാല്‍ ഗുണം ചെയ്യുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു പിഎംഎ സലാമിന്റെ പ്രതികരണം.’യുഡിഎഫിലേക്ക് ആര് വന്നാലും ഗുണം ചെയ്യും. യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുകയാണ് ലക്ഷ്യം. യുഡിഎഫിന്റെ ആശയങ്ങളുമായി യോജിക്കുന്ന ജനാധിപത്യ മതേതര വിശ്വാസികളായ എല്ലാ വിഭാഗങ്ങളെയും യുഡിഎഫ് സ്വീകരിക്കും’, പിഎംഎ സലാം പറഞ്ഞു.

