
തിരുവനന്തപുരം: മാർച്ച് മാസത്തിലും അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സി കേരളത്തിൽ എത്തിയേക്കില്ല. മാർച്ചിലെ അർജന്റീനയുടെ രണ്ട് മത്സരങ്ങളും ഖത്തറിലായിരിക്കും നടക്കുക. നേരത്തേ മാർച്ചിൽ മെസ്സി കേരളത്തിലെത്തുമെന്നാണ് സ്പോൺസർ അറിയിച്ചിരുന്നത്.
മാർച്ച് മാസത്തിൽ ഫൈനലിസ്സിമ മത്സരവും ഒരു സൗഹൃദമത്സരവുമാണ് അർജന്റീന കളിക്കുക. മാർച്ച് 27 നാണ് യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനുമായുള്ള അർജന്റീനയുടെ ഏറ്റുമുട്ടൽ. ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിലാണ് ഈ മത്സരം. നാലുദിവസങ്ങൾക്ക് ശേഷം മാർച്ച് 31 ന് ഈ വിൻഡോയിലെ രണ്ടാം മത്സരവും കളിക്കും. ഖത്തറുമായാണ് ലോക ചാമ്പ്യന്മാരുടെ സൗഹൃദമത്സരം.
നേരത്തേ അർജന്റീന ടീം നവംബറിൽ കേരളത്തിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും എത്തിയില്ല. നവംബറിൽ കേരളത്തിൽ കളിക്കില്ലെന്ന് അർജന്റീന ഫുട്ബോൾ ടീം തന്നെ വ്യക്തമാക്കുകയായിരുന്നു. പിന്നാലെ മെസിയുടെ കേരള സന്ദർശനം അടുത്ത വിൻഡോയിൽ നോക്കാമെന്ന് സ്പോൺസർ പറഞ്ഞിരുന്നു. നടക്കുന്നത് ഗോട്ടി കളിയല്ല, അന്താരാഷ്ട്ര മത്സരമാണെന്നും അടുത്ത മാർച്ച് വിൻഡോയിലേക്കുള്ള അപ്ലിക്കേഷൻ ഫിഫയ്ക്ക് നൽകിയിട്ടുണ്ടെന്നും ആന്റോ പ്രതികരിച്ചു. എന്നാൽ മാർച്ചിലും മെസ്സി കേരളത്തിലെത്തില്ല.

