
പിന്നണിഗാന രംഗത്തോട് വിടപറഞ്ഞ ഗായകൻ അരിജീത് സിംഗ് (Arijit Singh) രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് സംഗീത പ്രേമികളെയെല്ലാം ഞെട്ടിച്ചുകൊണ്ട് പിന്നണിഗാന രംഗത്തുനിന്നും താൻ വിരമിക്കുകയാണെന്ന് ഗായകനും സംഗീതജ്ഞനുമായ അരിജീത് സിംഗ് പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. സ്വതന്ത്ര സംഗീത നിർമാണത്തിലേക്ക് കടക്കാനാണ് ഈ പെട്ടെന്നുള്ള വിരമിക്കൽ എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ പാട്ടുമായി ബന്ധമില്ലാത്ത മറ്റൊരു മേഖലയിലേക്ക് അദ്ദേഹം തിരിയുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുന്നതിനായാണ് അരിജീത് പാട്ടിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുന്നതെന്നും എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു. പശ്ചിമബംഗാളിലെ മുർഷിദാബാദിലെ ജിയാഗഞ്ച് സ്വദേശിയാണ് അരിജീത് സിംഗ്.
പശ്ചിമബംഗാളിൽ പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെ കുറിച്ചും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനെ കുറിച്ചും അരിജീത് സിംഗ് ആലോചിക്കുന്നതായാണ് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ താഴെത്തട്ടിലുള്ള തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന കാര്യം ഗായകൻ പരിഗണിക്കുന്നുണ്ടെന്നാണ് ബംഗാൾ ചലച്ചിത്ര രംഗത്തുനിന്നുള്ള ഒരു വ്യക്തിയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

