
സ്വന്തം തട്ടകമായ തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിനായി സഞ്ജു സാംസൺ കഠിന പരിശീലനത്തിലാണ്. മോശം ഫോമിലാണെങ്കിലും കോച്ച് ഗൗതം ഗംഭീറിന്റെ പിന്തുണയോടെ ഇറങ്ങുന്ന സഞ്ജുവിന്, ഹോം ഗ്രൗണ്ടിലെ ഈ മത്സരം ഫോം വീണ്ടെടുക്കാനുള്ള അവസാന അവസരമായേക്കാം.
നെറ്റ്സിൽ വിയർപ്പൊഴുക്കി സഞ്ജു സാംസൺ
സ്വന്തം തട്ടകമായ തിരുവനന്തപുരത്ത് ആദ്യ അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങുന്നതിന്റെ ആവേശത്തിലാണ് സഞ്ജു സാംസൺ. ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന താരം വെള്ളിയാഴ്ച 30 മിനിറ്റോളം നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തി. സൈഡ് ആം ബൗളർമാരെയും അക്സർ പട്ടേലിനെയും ത്രോ ഡൗണ്‍ സ്പെഷ്യലിസ്റ്റായ രഘുവിനെയും നേരിട്ട സഞ്ജു മികച്ച ഷോട്ടുകൾ പായിച്ചു. ഇന്ന് നടക്കുന്ന മത്സരത്തിൽ പ്ലെയിംഗ് ഇലവനിൽ ഇടംപിടിച്ചാൽ, സഞ്ജുവിന്റെ കരിയറിൽ സ്വന്തം നാട്ടിൽ കളിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമായിരിക്കും ഇത്. ആരാധകരും വലിയ ആവേശത്തോടെയാണ് ഈ നിമിഷത്തിനായി കാത്തിരിക്കുന്നത്.

