
ശബരിമല സ്വർണക്കൊള്ള കേസില്‍ നടൻ ജയറാമിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി സമന്‍സ് നൽകി. ഇന്നലെയാണ് നോട്ടീസ് അയച്ചത്. ഇഡിയുടെ കൊച്ചി ഓഫീസില്‍ അടുത്ത ആഴ്ച ഹാജരാകണമെന്നാണ് ജയറാമിന് നോട്ടീസിലെ നിർദേശം. സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തില്‍ വ്യക്തത തേടാനാണ് ജയറാമിനെ ഇഡി വിളിപ്പിച്ചിരിക്കുന്നത്.
ശബരിമലയിലെ സ്വർണം ഉപയോഗിച്ച് പ്രതികൾ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. ഇതിൽ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ഇഡിയുടെ സമൻസ് ജയറാമിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നടന് സമൻസ് ലഭിച്ചത്. ശബരിമല സ്വർണക്കൊള്ളയിൽ വിവരങ്ങള്‍ ആരായാന്‍ 12 പേർക്കാണ് ഇഡി ഇപ്പോള്‍ സമൻസ് അയച്ചിരിക്കുന്നത്. ഇതിൽ 3 പേർ മാത്രമാണ് എസ്ഐടിയുടെ പ്രതിപ്പട്ടികയിലുള്ളത്.നിർമാണ വേളയിൽ ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും പോറ്റി പല സ്ഥലത്തും കൊണ്ടുപോയി പൂജകളും പ്രാർഥനകളും നടത്തിയിരുന്നു. ഇതിന്റെ പേരിൽ പോറ്റി ആളുകളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. ശബരിമലയിലെ ഇത്തരം വിശേഷപ്പെട്ട വസ്തുക്കൾ വീട്ടിലെത്തിച്ചാൽ ഐശ്വര്യമുണ്ടാകും എന്നതടക്കം ധരിപ്പിച്ചുകൊണ്ടാണ് പലയിടത്തും പൂജ ചെയ്തത്. പോറ്റിയുമായുള്ള ചെന്നൈയിലെ പരിചയത്തിന്റെ പേരിലാണ് ശബരിമലയിലെ വിശേഷപ്പെട്ട വസ്തുക്കൾ വീട്ടിൽവെച്ച് പൂജ നടത്തിയതെന്ന് നടന് ജയറാം നേരത്തെ എസ്ഐടിയെ അറിയിച്ചിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ 90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കിയ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി, മറ്റ് പ്രതികളായ മുരാരി ബാബു, ഡി സുധീഷ് കുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. കര്‍ശന വ്യവസ്ഥകളോടെയാണ് ഉണ്ണികൃഷ്ണന് പോറ്റിക്ക് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലുമായി മൂന്ന് പ്രതികളുടെ കൂടി അറസ്റ്റിനുള്ള സാധ്യതയും തെളിഞ്ഞുവരുന്നുണ്ട്.

