
കൊല്ലം: പുത്തൂരിൽ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ജ്യോതിഷാലയത്തിലെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ‘മുരാരി തന്ത്രി’ എന്ന രാജൻ ബാബുവിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പൂജാമുറിയെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ കൊണ്ടുപോയത് അയാളുടെ കിടപ്പുമുറിയിലേക്കാണെന്നും അവിടെ വെച്ച് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നുമാണ് പുറത്തുവരുന്ന വിവരം. സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ മുറിക്കുള്ളിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.
ഒരു മണിക്കൂറോളം പെൺകുട്ടിയെ മുറിക്കുള്ളിൽ അടച്ചിട്ടാണ് തന്ത്രി ക്രൂരത കാട്ടിയത്. കുട്ടിയെ തനിച്ച് വിടാൻ അമ്മ ആദ്യം വിസമ്മതിച്ചെങ്കിലും പ്രതിയുടെ ഭാര്യയും അമ്മയും ചേർന്ന് ഇവരെ നിർബന്ധിച്ച് സമ്മതിപ്പിക്കുകയായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും കുട്ടി പുറത്തുവരാത്തതിനെ തുടർന്ന് മാതാവ് ബഹളം വെച്ചതോടെ പെൺകുട്ടി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിവരികയായിരുന്നു. ഈ സമയത്തും “കുട്ടിയുടെ ദേഹത്ത് ബാധയുണ്ടെന്നും തൊട്ടാൽ നിങ്ങൾക്കും ബാധ കിട്ടും” എന്നും പറഞ്ഞ് തന്ത്രി അമ്മയെ ഭയപ്പെടുത്താൻ ശ്രമിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു.

