
എറണാകുളം പൂക്കാട്ടുപടിയിൽ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് വിദ്യാർഥികൾക്ക് പരിക്ക്. ഇന്ന് രാവിലെ 8:30 ഓടെയാണ് അപകടം ഉണ്ടായത്. എറണാകുളം-ആലുവ റൂട്ടിലോടുന്ന റയാൻ എന്ന സ്വകാര്യ ബസും പെരുമ്പാവൂർ അറക്കപ്പടിയിലുള്ള ജയഭാരത് കോളേജ് ബസുമാണ് കൂട്ടിയിടിച്ചത്. ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറുടെ കാലുകൾ ക്യാബിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ജനറൽ ആശുപത്രി ഉൾപ്പെടെ മൂന്ന് ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൂടാതെ, അപകടസമയത്ത് ഒരു ഇരുചക്രവാഹനം ബസിന് മുന്നിലേയ്ക്ക് പ്രവേശിച്ചതും നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായെന്ന് പ്രദേശത്തുള്ളവർ പറയുന്നു. ഈ പ്രദേശത്ത് അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ പറഞ്ഞു

