
മലപ്പുറം: ശബരിമല തീർത്ഥാടകരെ കെഎസ്ആർടിസി ബസില്‍ നിന്ന് രാത്രി ഇറക്കിവിട്ട സംഭവത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. രാത്രിയിൽ യാത്രക്കാരെ ഇറക്കിവിടുന്നത് തെറ്റായ നടപടിയാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. ആരെയും വഴിയിൽ ഇറക്കിവിടരുതെന്ന് സിഎംഡി ഉത്തരവ് നിലവിലുണ്ട്. കാട്ടിലാണോ യാത്രക്കാരെ ഇറക്കിവിടുന്നതെന്നും മന്ത്രി ചോദിച്ചു. പണം ഇല്ലെങ്കിൽ പോലും അങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പ്രതികരിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായും ഗണേഷ് കുമാർ അറിയിച്ചു. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വിജിലൻസ് വിഭാഗവും കേസിൽ അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ കണ്ടക്ടർ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ സ്ഥലംമാറ്റ നടപടി റദ്ദാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഭവത്തിൽ താൽക്കാലിക ജീവനക്കാരനായ ബസ് ഡ്രൈവറെ പിരിച്ചുവിടാനും കണ്ടക്ടരെ സ്ഥലംമാറ്റാനും മന്ത്രി ഇന്നലെ നിർദ്ദേശം നല്‍കിയിരുന്നു

