
തിരുവനന്തപുരം: ആറ്റുകാലമ്മക്ക് ഇന്ന് പൊങ്കാല. ലോകത്തെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയായ ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തലക്ഷങ്ങൾ സാക്ഷ്യം വഹിക്കുന്നു. ക്ഷേത്ര മുറ്റം മുതൽ പത്ത് കിലോ മീറ്ററിലേറെ ദൂരത്തിൽ നഗരവീഥികളെല്ലാം പൊങ്കാല അടുപ്പുകളാൽ നിറഞ്ഞു. കുംഭമാസത്തിലെ മകം നാളും പൗർണ്ണമിയും ഒത്തുചേരുന്ന ഇന്ന് ചന്ദ്രഗ്രഹണ ദിവസത്തെ പൊങ്കാല എന്ന പ്രത്യേകത കൂടിയുണ്ട്. പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിൽ ഇന്ന് സർക്കാർ പ്രാദേശിക അവധിയാണ്.
രാവിലെ 9:15-ന് ശുദ്ധ പുണ്യാഹത്തോടെ ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും. 9:45-ന് ക്ഷേത്രം തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ഭദ്രദീപം ക്ഷേത്രമുറ്റത്ത് തയ്യാറാക്കിയ പണ്ടാരയടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. ഉച്ചയ്ക്ക് 2:15-നാണ് നിവേദ്യ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
സംഘകാലപാരമ്പര്യത്തോളം പഴക്കമുള്ള ആറ്റുകാൽ പൊങ്കാലയുടെ ഐതിഹ്യം ചിലപ്പതികാരത്തിലെ കണ്ണകീ ചരിതവുമായി ബന്ധപ്പെട്ടതാണ്. മധുര ദഹിപ്പിച്ച ശേഷം കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയ്ക്കിടയിൽ ആറ്റുകാലിൽ എത്തിയ ദേവിയെ ജനങ്ങൾ പൊങ്കാല നൽകി സ്വീകരിച്ചുവെന്നാണ് ഒരു വിശ്വാസം. മഹിഷാസുരനെ വധിച്ച ദുർഗ്ഗാദേവിയെ സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണിതെന്നും കരുതപ്പെടുന്നു. കുത്തിയോട്ടം, താലപ്പൊലി തുടങ്ങിയ വഴിപാടുകളും ഈ വിശ്വാസങ്ങളുടെ ഭാഗമായി തലമുറകളായി തുടർന്നുപോരുന്നു. അതേസമയം, പൊങ്കാല പ്രമാണിച്ച് കെഎസ്ആർടിസിയും റെയിൽവേയും പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

