
മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ ഇന്ന് രാവിലെയുണ്ടായ വൻ തീപിടുത്തത്തിൽ ഏഴു പേർക്ക് ദാരുണാന്ത്യം. നഗരത്തിലെ ജനങ്ങൾ ധാരാളമായി തിങ്ങിപ്പാർക്കുന്ന ബ്രിജേശ്വരി അനെക്സ് മേഖലയിലാണ് ഇന്ന് രാവിലെ നാലു മണിക്കടുത്ത് അഗ്നിബാധയുണ്ടായത്.പ്രദേശത്തു ചാർജ് ചെയ്തുകൊണ്ടിരുന്ന ഇലക്ട്രിക്ക് വാഹനം പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീ അടുത്തുള്ള വീട്ടിനുള്ളിലേക്ക് പടർന്നതോടെ സ്ഥിതിഗതികൾ വഷളായി. വീട്ടിനുള്ളിൽ ഉണ്ടായിരുന്ന പത്തിലേറെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ തീ അനിയന്ത്രിതമായ് പടർന്നു. അപകടത്തെ പറ്റിയുള്ള വിവരം ലഭിച്ചയുടൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ച് തീ നിയന്ത്രണ വിധേയമാക്കിയതായി ഇൻഡോർ പോലീസ് കമ്മീഷണർ സന്തോഷ് കുമാർ സിംഗ് പറഞ്ഞു.
സംഭവത്തെ പറ്റിയുള്ള അന്വേഷണം പുരോഗമിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.അപകട സ്ഥലം സന്ദർശിച്ച മന്ത്രി കൈലാഷ് വിജയവർഗിയ, അപകട കാരണം അന്വേഷിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചതായ് അറിയിച്ചു.

