
മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ തിയേറ്ററുകളിൽ എത്തിക്കഴിഞ്ഞു. ആട് യൂണിവേഴ്സിന്റെ മാത്രമായ വേറിട്ട ഹ്യൂമറും, എന്റർടെയ്ൻമെന്റും പാക്ക് ചെയ്ത ഒരു കിടിലൻ തിയേറ്റർ എക്സ്പീരിയൻസ് ആണ് ചിത്രമെന്നാണ് ഇപ്പോൾ കിട്ടുന്ന പ്രേക്ഷക പ്രതികരണം. ആദ്യ ഷോ കഴിഞ്ഞപ്പപ്പോൾ മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ബുക്ക് മൈ ഷോയിലും തരംഗമായി മാറുകയാണ്. മണിക്കൂറിൽ 20000 ത്തിന് മുകളിൽ ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി വിറ്റു പോകുന്ന നാലാമത്തെ മാത്രം മലയാള ചിത്രം എന്ന നേട്ടമാണ് ആട് 3 സ്വന്തമാക്കിയത്. 23000 ത്തോളം ടിക്കറ്റുകളാണ് ബുക്ക് മൈഷോയിലൂടെ ഈ ചിത്രത്തിന്റേതായി വിറ്റു പോയത്. എമ്പുരാൻ, തുടരും, ലോക എന്നീ ചിത്രങ്ങൾ മാത്രമാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ച മലയാള ചിത്രങ്ങൾ. ബുക്ക് മൈ ഷോയിൽ വമ്പൻ ട്രെൻഡിങ് തുടരുന്ന ചിത്രം ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ കേരളാ ഓപ്പണിങ്, ആഗോള ഓപ്പണിങ് എന്നിവ നേടുമെന്ന് ഉറപ്പായി കഴിഞ്ഞു. വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികളും ആട് ഫ്രാൻഞ്ചൈസിന്റെ ആരാധകരും ചിത്രത്തെ വരവേൽക്കുന്നത്.
“സമയം ഒരു നേർരേഖയല്ല. ഭൂതവും ഭാവിയും വർത്തമാനവും ഒരുമിച്ച് നിലനിൽക്കുന്നു… മനുഷ്യൻ പല കാലങ്ങളിലായി പല പല ജന്മങ്ങളായി ജീവിക്കുന്നു. സമയത്താൽ മാത്രം വേർതിരിക്കപ്പെട്ടുകൊണ്ട്…” — ഹെർമൻ ഹെസ്സെ; എന്ന വാചകത്തോടെ ആരംഭിക്കുന്ന സിനിമ വചനങ്ങൾക്ക് തൊട്ടുപിന്നാലെ, ഷാജി പാപ്പൻ തന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് കണ്ടെത്തിയ വചനവും സ്ക്രീനിൽ കാണിക്കുന്നു
അവിടന്നങ്ങോട്ട് കോമഡിയും പിരീഡ് ഡ്രാമയും ടൈം ട്രാവലുമെല്ലാം ചേർന്ന് പോകുന്ന ചിത്രം പാപ്പനും ഡ്യൂഡും സർബത്ത് ഷമീറും സാത്താൻ സേവ്യറുമൊക്കെയായി രസകരമായാണ് മുൻപോട്ട് പോകുന്നത്. ഹ്യൂമർ ഫാന്റസി ഫൺ റൈഡ് ആയി ഒരുക്കിയിരിക്കുന്ന സിനിമ പറയാനുദ്ദേശിച്ച വിഷയങ്ങളെ അതി ലളിതമായി തന്നെയാണ് പ്രേക്ഷകരിലേക്കെത്തിച്ചിരിക്കുന്നത്. തീയേറ്ററുകളിൽ നിർത്താത്ത പൊട്ടിച്ചിരി ഉണർത്തുന്ന ചിത്രം 400 വർഷം വർഷം മുമ്പു നടക്കുന്ന കഥയും വർത്തമാന കാലത്തു നടക്കുന്ന കഥയും നോൺലീനിയർ എഡിറ്റിങിലൂടെ വ്യത്യസ്ത ടൈം ലൈനിൽ അവതരിപ്പിക്കുന്നു.

